ജൂത പള്ളിയുടെ മുറ്റത്ത് കാഷ്മീരികളുടെ സമൂഹ നോമ്പ് തുറ
1536843
Thursday, March 27, 2025 5:00 AM IST
മട്ടാഞ്ചേരി: ജൂത പള്ളിയുടെ മുറ്റത്ത് കഷ്മീരികളുടെ സമൂഹ നോമ്പ് തുറ മത സൗഹാർദത്തിന്റെ വേദിയായി. കൊച്ചിയിലെ കഷ്മീരികൾ നടത്തിയ സമൂഹ നോമ്പു തുറയാണ് ജൂതപള്ളിയുടെ മുറ്റത്ത് സൗഹാർദത്തിന്റെ തിരി കൊളുത്തിയത്.
ജൂത തെരുവിൽ സിനഗോഗ് മുറ്റത്ത് സംഘടിപ്പിച്ച ഇഫ്താറിൽ ജൂത പള്ളി ട്രസ്റ്റികൾ അടക്കം കൊച്ചിയിലെ വിവിധ മതസ്ഥർ പങ്കെടുത്തു. ജൂതപ്പള്ളി മുറ്റത്ത് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയും നമസ്ക്കാരവും നടന്നു.
മുപ്പതോളം കാഷ്മീരി കച്ചവടക്കാരാണ് മട്ടാഞ്ചേരി ജൂത തെരുവിലുള്ളത്. ഫോർട്ട് കൊച്ചിയിലും ഇരുപതോളം കച്ചവടക്കാരുണ്ട്. ഇവരുടെ കാഷ്മീരി അസോസിയേഷനാണ് ഇഫ്താർ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷവും സമൂഹ ഇഫ്താർ സംഘടിപ്പിച്ചിരുന്നു. കാഷ്മീരികൾ കുടുംബസമേതമാണ് കൊച്ചിയിൽ താമസിക്കുന്നത്.
കൊച്ചിയിലെ കാഷ്മീരികളുടെ സമൂഹ നോമ്പ് തുറ നാട്ടുകാർക്കും ഏറെ ഹൃദ്യമായി മാറി. നമസ്ക്കാരത്തിന് ഐഷ മസ്ജിദ് ഇമാം ഹാഫിസ് മുഹമ്മദ് അഫ്രോസ് അൻസാരി നേതൃത്വം നൽകി.