വിസ തട്ടിപ്പ്: അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
1537247
Friday, March 28, 2025 3:51 AM IST
കോതമംഗലം: വിസ തട്ടിപ്പു കേസിൽ അധ്യാപകൻ ഉൾപ്പെടെ രണ്ട് പ്രതികൾ അറസ്റ്റിൽ. മൂവാറ്റുപുഴ ബിഎഡ് കോളജിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കോതമംഗലം മാതിരപ്പിള്ളി നീലംപുഴ തോമസ് എൻ. ഐസക് (51) ഇയാളുടെ സുഹൃത്തും തമിഴ്നാട്ടിൽ കായികാധ്യാപകനുമായ തിരുച്ചിറപ്പിള്ളി ഓറയൂർ രാമലിംഗനഗർ പ്രദീപ് (41) എന്നിവരാണ് പിടിയിലായത്.
ഓസ്ട്രേലിയയ്ക്ക് വിസ സംഘടിപ്പിച്ചു നല്കാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രദീപിനെ തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. നിരവധി ആളുകളിൽ നിന്നായി ഒരു കോടിയിലേറെ രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തിട്ടുണ്ട്.
കോതമംഗലം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാളിയാർ, തൊടുപുഴ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ സമാനമായ കേസുകൾ നിലവിലുള്ളതായി കോതമംഗലം പോലീസ് അറിയിച്ചു.
സിഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എഎസ്ഐ ടി.എൻ. സ്വരാജ്, സിപിഒമാരായ സലിം പി. ഹസൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.