രാഷ്ട്രപതിയുടെ ചിത്രം വരച്ചു നൽകി കൈയടി നേടി വിജയ്
1536846
Thursday, March 27, 2025 5:04 AM IST
ചെറായി: രാഷ്ട്രപതി ഭവനിൽ നടന്ന ഉദ്യാൻ ഉത്സവിൽ മ്യൂറൽ പെയിന്റിംഗിൽ വർണവിസ്മയം തീർത്ത് പള്ളിപ്പുറം കടവുങ്കശേരി ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനായ വിജയ്. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മ്യൂറൽ പെയിന്റിംഗാണ് വരച്ചു നല്കിയത്. രാഷ്ട്രപതിയുടെ ചിത്രമാണ് ആദ്യദിനം ചിത്രം വരച്ച് സമ്മാനിച്ചത്.
മൂന്നുപേരാണ് കേരളത്തിൽ നിന്ന് വിദ്യാൻ ഉത്സവത്തിൽ സംബന്ധിച്ചത്. വിജയ് പനയോലയിൽ തീർത്ത കഥകളി ചിത്രം 2023 കരകൗശല അവാർഡിനായി തെരഞ്ഞെടുത്തിരുന്നു. അമൃതം മഹോത്സവത്തിലും ക്ഷണം ഉണ്ടായിരുന്നു. ശാന്തിപ്പണിക്കിടയിലും ചിത്രകല ഒരു തപസ്യയാക്കി മാറ്റിയ വിജയ് ചെറായി കല്ലുപുറത്ത് മോഹനന്റേയും ബേബിയുടെയും മകനാണ്.