കടമെടുത്ത് വികസനം; എതിര്‍ത്ത് പ്രതിപക്ഷം
1536823
Thursday, March 27, 2025 4:21 AM IST
കൊച്ചി കോര്‍പറേഷനും സംസ്ഥാനത്തിന്റെ അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: മുനിസിപ്പല്‍ ബോണ്ട് ഉള്‍പ്പടെ കോര്‍പറേഷന്റെ ആസ്തികള്‍ പണയപ്പെടുത്തി കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം. വികസനപ്രവര്ത്തനങ്ങള്ക്കാണെങ്കില് പോലും കടമെടുക്കാനുള്ള ആലോചനകള്‍ സംസ്ഥാനം നേരിടുന്ന കടക്കെണിക്ക് സമാനമായ അവസ്ഥയിലേക്ക് കോര്‍പറേഷനേയും കൊണ്ടെത്തിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ ബജറ്റ് ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ലാഭവിഹിതം നല്‍കിക്കൊണ്ട് നഗരസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും ഉറപ്പില്‍ കടപ്പത്രങ്ങളിറക്കി പണം സ്വരൂപിക്കുന്ന മുനിസിപ്പല്‍ ബോണ്ട്, നിക്ഷേപകരുടെ പക്കല്‍ നിന്ന് വായ്പാ സഹായം സ്വീകരിക്കുന്ന ഡെപ്ത്ത് ഫിനാന്‍സ് മോഡല്‍, നഗരസഭയുടെ ആസ്തികള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്ന ലാന്‍ഡ് വിലറേജിംഗ് എന്നീ ആശയങ്ങളാണ് ധനസമാഹരണ മാതൃകകളായി ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.
തനതുവരുമാനം പൂര്‍ണമായും നേടിയെടുക്കാനാകാത്തതിനു പിന്നാലെ സംസ്ഥാന വിഹിതം വര്‍ഷംതോറും വെട്ടിക്കുറച്ചു കൊണ്ടിരിക്കുമ്പോള്‍ വരുമാനം കിട്ടാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുക്കുന്നത് കോര്‍പറേഷനെ കടക്കെണിയിലേക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ദൈനംദിന കാര്യങ്ങള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടത് ദീര്‍ഘവീക്ഷണമില്ലാതെയുള്ള കടമെടുപ്പ് നയത്തിന്റെ ദുരിതഫലമാണ്. ഇതേ നയം പിന്തുടര്ന്നാല് കൊച്ചി കോര്‍പറേഷനും സംസ്ഥാനത്തിന്റെ അവസ്ഥയിലെത്തുമെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി.
സിഎസ്ആര്‍ ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയെന്ന്
കൊച്ചി: കോര്‍പറേഷനു ലഭിക്കുന്ന സിഎസ്ആര്‍ ഫണ്ടുകളുടെ വിനിയോഗത്തില്‍ സുതാര്യതയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലിന്റെയും ആക്ഷേപം. വിവിധ സ്ഥാപനങ്ങള്‍ നല്കുന്ന സിഎസ്ആര്‍ ഫണ്ടുകള്‍ ഫണ്ടുകള്‍ ചെലവഴിക്കുന്നത് നിരീക്ഷിക്കുകയോ കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് ബജറ്റ് പുസ്തകത്തിലെ അവ്യക്തകളെന്നും ഇരുവരും പറഞ്ഞു.
വരുമാനം വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇല്ല എന്നതാണ് ബിജെപിയുടെ ആക്ഷേപം. കേന്ദ്ര പദ്ധതികള്‍ അടിച്ചുമാറ്റി സ്വന്തം പദ്ധതികളാക്കി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു കാലത്ത് മുനിസിപ്പല്‍ ബോണ്ടിനെ എതിര്‍ത്തവര്‍ ഇന്നത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബിജെപി പാര്‍ലമെന്ററി നേതാവ് സുധാ ദിലീപ്കുമാര് പറഞ്ഞു.
ആരോപണങ്ങളെ രാഷ്ട്രീയമായി നേരിട്ട് ഭരണപക്ഷം
കൊച്ചി: പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളേയും ആരോപണങ്ങളെയും രാഷ്ട്രീയമായി നേരിട്ട് ഭരണപക്ഷം . കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി വീട്ടുപടിക്കലെത്തി നികുതി പിരിക്കുമെന്ന പ്രഖ്യാപനം നഗരസഭയുടെ തനതു വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായകമാകുമെന്നായിരുന്നു ഭരണപക്ഷ കൗണ്‍സിലര്‍ ആര്. രതീഷിന്റെ വാദം.
മേയറുടെ ഇച്ഛാശക്തി ഒന്നുമാത്രമാണ് താറുമാറായി കിടന്ന മാലിന്യ നീക്കവും മാലിന്യ സംസ്കരണവും ഇന്ന് കാണുന്ന നിലയിലേക്ക് മെച്ചപ്പെടുത്താനായതെന്ന് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ പി.ആര്. റെനീഷ് പറഞ്ഞു.
കവിതകളിലൂടെയും പുകഴ്ത്തലുകളിലൂടെയും മേയറെ പ്രകീര്‍ത്തിച്ച്, പ്രതിപക്ഷാരോപണങ്ങളെ നേരിടുന്ന ഭരണപക്ഷത്തെയാണ് ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ കണ്ടത്.