വനംവകുപ്പ് എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം: സിപിഎം
1537274
Friday, March 28, 2025 4:24 AM IST
കോതമംഗലം: പഴയ ആലുവ - മൂന്നാർ രാജപാത തുറക്കണമെന്ന വിഷയത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടി രാഷ്ട്രീയ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ നയം നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഗുണകരമാകില്ലെന്നും വനം വകുപ്പ് എടുത്ത കേസുകൾ ഉടൻ പിൻവലിക്കണമെന്നും സിപിഎം കോതമംഗലം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
രാജപാത തുറക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ആന്റണി ജോണ്‍ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, പുരോഹിതർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കേസെടുത്ത വനംവകുപ്പിന്റെ നടപടിയോട് പാർട്ടിക്ക് യോജിപ്പില്ലെന്നും യോഗം വ്യക്തമാക്കി.
ഇക്കാര്യം ആന്റണി ജോണ്‍ എംഎൽഎ നിയമസഭാ സബ്മിഷനിൽ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന തടസമാണ് നിലവിലുള്ളത്. ഏഴ് വർഷമായി ഡീൻ കുര്യാക്കോസ് എംപി രാജപാത തുറക്കുന്നതിന് പാർലമെന്റിൽ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും ഏരിയ സെക്രട്ടറി കെ.എ. ജോയി പറഞ്ഞു.