ചാലക്കുടി ബസ്സ്റ്റാൻഡിനു സമീപം പുലി എത്തി
1536841
Thursday, March 27, 2025 5:00 AM IST
ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിനുസമീപം വീട്ടുപറന്പിൽ പുലി എത്തിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. ബസ് സ്റ്റാൻഡിനു സമീപം കണ്ണന്പുഴ അന്പലത്തിലേക്കു പോകുന്ന റോഡിനരികെ അയിനിക്കാട്ടുമഠത്തിൽ രാമനാരായണന്റെ വീടിനു മുന്പിലൂടെ പുലി നടന്നുപോകുന്ന സിസിടിവി ദൃശ്യമാണു കണ്ടത്.
വീട്ടിൽ വൃദ്ധമാതാപിതാക്കൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. രാമനാരായണന്റെ വിദേശത്തു ജോലിചെയ്യുന്ന മകനാണു തന്റെ മൊബൈൽഫോണുമായി ബന്ധിപ്പിച്ച സിസിടിവി ദൃശ്യം കണ്ടത്. ഉടനെ ബന്ധുക്കളെ വിവരം അറിയിച്ചു. സംഭവമറിഞ്ഞു നാട്ടുകാരും പരിഭ്രാന്തിയിലായി. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദൃശ്യം പരിശോധിച്ചു. കാമറയിൽ കണ്ടതു പുലിതന്നെയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യത്തിൽ പുലി നടന്നുപോകുന്നതു വ്യക്തമായി കാണാം.
വനപാലകർ നടത്തിയ വിശദപരിശോധനയിൽ വീട്ടുപറമ്പിൽ പല സ്ഥലത്തും പുലിയുടെ കാൽപ്പാദങ്ങളുടെ അടയാളം കണ്ടെത്തി. പുലി മതിലിൽ പിടിച്ചുകയറിയതിന്റെ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ചാലക്കുടി, വാഴച്ചാൽ ഡിഎഫ്ഒമാർ നഗരസഭ ചെയർമാൻ ഷിബു വാലപ്പന്റെ സാന്നിധ്യത്തിൽ പുലിയെ കണ്ട വീട്ടുപരിസരത്തു യോഗംചേർന്നു ചീഫ് വൈൽഡ് വാർഡനു റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്നാണ് കൊരട്ടിയിൽ പുലിയെ പിടികൂടുന്നതിനു സ്ഥാപിച്ച രണ്ടു കൂടുകളിൽ ഒന്ന് കണ്ണമ്പുഴ അമ്പലപരിസരത്തു സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പുലിയെ പിടികൂടുന്നതിനു കൂടുതൽ സജ്ജീകരണങ്ങൾ ഉടനെ എത്തിക്കാനും നടപടിയുണ്ടാകും.
ഏതാനും ദിവസംമുന്പ് കൊരട്ടി ചിറങ്ങര ഭാഗത്തു പുലി എത്തിയതിനെത്തുടർന്ന് കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാൻ വനപാലകർ ശ്രമം നടത്തുന്നതിടെയാണ് ചാലക്കുടിയിൽ പുലി എത്തിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.