നവതി നിറവില്‍ അങ്കമാലി എല്‍എഫ് ആശുപത്രി
1537251
Friday, March 28, 2025 3:51 AM IST
കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി നവതിയുടെ നിറവില്‍. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ മൂന്നിന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ നിര്‍വഹിക്കും.
എറണാകുളം അതിരൂപതയുടെ കീഴില്‍ 1936 ഫെബ്രുവരി ഒമ്പതിന് പ്രാഥമിക ആരോഗ്യ കേന്ദ്രമായാണു ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്.
1961 ല്‍ രജത ജൂബിലിയോടനുബന്ധിച്ചു നഴ്സിംഗ് സ്കൂള്‍ ആരംഭിച്ചു. പ്രശസ്തമായ നേത്രചികിത്സാ വിഭാഗം ആരംഭിച്ചത് 1964 ലാണ്. രാജ്യത്തു സ്വകാര്യമേഖലയിലെ ആദ്യ നേത്രബാങ്ക് ഇവിടെയാണ്. ആധുനിക ഹൃദ്രോഗ ചികിത്സയ്ക്കായി സ്ഥാപിച്ച ലിറ്റില്‍ ഫ്ളവര്‍ ഹാര്‍ട്ട് കെയര്‍ സെന്റർ മികവിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ടു.
കേരളത്തിലെ രണ്ടാമത്തെ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത് എല്എഫിലാണ്. താങ്ങാവുന്ന ചെലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്കു നവതി വര്‍ഷത്തില്‍ തുടക്കമാകും. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള വിഷചികിത്സാ ഗവേഷണകേന്ദ്രം എല്എഫിലുണ്ട്.
എന്‍എബിഎച്ച് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സൂപ്പര്സ്പെഷാലിറ്റികള് അടക്കം 28 ചികിത്സാവിഭാഗങ്ങളുമായി ദക്ഷിണേന്ത്യയിലെ ആരോഗ്യ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനത്താണ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ 25 ഓപ്പറേഷന് തിയറ്ററുകളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍ വിഭാഗവും പ്രധാനപ്പെട്ടതാണ്.
കൊച്ചി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണര്‍ കൂടിയായ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിക്ക് കൂനമ്മാവില്‍ അനെക്സ് ഹോസ്പിറ്റലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു വിഷന്‍ സെന്ററുകളുമുണ്ട്. നവതിക്കു മുന്നോടിയായി ഏഴാറ്റുമുഖത്തു എല്‍എഫ് സൗരഭ്യ എന്ന പേരില്‍ യോഗ -ആയുര്‍വേദ - പ്രകൃതിചികിത്സ സൗകര്യങ്ങളോടെ വെല്‍നെസ് വില്ലേജ് ആരംഭിച്ചു.
മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ മുതല്‍ പിഎച്ച്ഡി വരെയുള്ള വിദ്യാഭാസ പ്രോഗ്രാമുകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
നവതി വര്‍ഷത്തില്‍ ആഗോളനിലവാരത്തിലുള്ള രോഗനിര്‍ണയ ഗവേഷണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എല്‍എഫ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജി റിസര്‍ച്ച് ആന്‍ഡ് ഇമേജിംഗ് സയന്‍സ് എന്ന പേരില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു.
ഈ വിഭാഗത്തില്‍ അതിനൂതന സിടി, എംആര്‍ഐ, മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ 24 മണിക്കൂറും ഉണ്ടാകും.
നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന് എംപി, റോജി എം.ജോണ്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ഷിയോ പോള്‍, ഫാ. തോമസ് വൈക്കത്തുപറമ്പില്‍,
അസി. ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. പോള്‍സണ്‍ പെരേപ്പാടന്, ഫാ. എബിന് കളപ്പുരയ്ക്കല്‍, മെഡിക്കല്‍ സുപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, വാര്‍ഡ് മെമ്പര്‍ സാജു നെടുങ്ങാടന്‍, മുന്‍ ഡയറക്ടര്‍മാര്‍, മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.