ബിഷപ്പിനെതിരായ കേസ് പ്രതിഷേധം കത്തുന്നു
1536336
Tuesday, March 25, 2025 7:25 AM IST
കോതമംഗലം : ആലുവ-മൂന്നാർ രാജപാത പൊതുജനങ്ങൾക്കു തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ കേസെടുത്ത വനം വകുപ്പ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
വനം വകുപ്പ് നടപടി അപലപനീയം: ഷിബു തെക്കുംപുറം
കോതമംഗലം : ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ അന്യായമായി കേസെടുത്ത വനം വകുപ്പ് നടപടി അപലപനീയമെന്നു യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. രാജപാത തുറന്നു നൽകണമെന്ന് കുട്ടമ്പുഴ, മാങ്കുളം നിവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. 45 വർഷങ്ങൾക്കു മുന്പു തന്നെ കോതമംഗലത്ത് നിന്നും ഇടുക്കിയിലേക്ക് മാർ പുന്നക്കോട്ടിൽ രാജപാതയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെ കേസെടുത്ത നടപടി പിൻവലിച്ച് വനം വകുപ്പ് സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്. ഇല്ലാത്തപക്ഷം വനം വകുപ്പിനും സർക്കാരിനും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും.
രാജപാത തുറന്നു കൊടുക്കുന്നതിലൂടെ നാടിന്റെ ടൂറിസം വികസനം യാഥാർഥ്യമാകും. രാജപാത യാത്രയ്ക്കായി തുറന്നു ലഭിക്കും വരെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.
പിതൃവേദി സമരത്തിന്
കോതമംഗലം: പഴയ ആലുവ മൂന്നാർ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവരുടെ പേരിൽ വനംവകുപ്പ് കള്ളക്കേസെടുത്തതിൽ കുട്ടമ്പുഴ സെന്റ് മേരീസ് ഇടവക പിതൃവേദി യുണിറ്റ് പ്രതിഷേധിച്ചു.
അഞ്ച് പഞ്ചായത്തിലെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന രാജപാത ഉടൻ തുറന്നുകിട്ടണമെന്നും വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വരുംദിവസങ്ങളിൽ പിതൃവേദിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
യോഗത്തിൽ ബിനു മാത്യു അധ്യക്ഷത വഹിച്ചു. വികാരി ഫാ.അരുൺ വലിയ താഴത്ത് ,ഫ്രാൻസീസ് ചാലിൽ, ജോഷി കാക്കനാട്ട്, ഷാമോൻ ദേവസ്യാ, ഷാജൻ വൈപ്പേൽ എന്നിവർ പ്രസംഗിച്ചു.
തുടർസമരങ്ങൾ നടത്തുമെന്നു യുഡിഎഫ്
കോതമംഗലം: ആലുവ - മൂന്നാർ രാജപാത തുറന്നു കിട്ടണമെന്നാവശ്യപ്പെട്ടു നടത്തിയ ജനകീയ മുന്നേറ്റത്തിൽ പങ്കെടുത്ത ബഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ജനപ്രതിനിധികൾ, നേതാക്കൾക്കൾ എന്നിവർക്കെതിരെ കേസെടുത്ത സർക്കാരിനെതിരെ തുടർസമരങ്ങൾ നടത്താൻ യുഡിഎഫ് കീരംപാറ മണ്ഡലം യോഗം തീരുമാനിച്ചു.
മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി ജോർജ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, വൈസ് പ്രസിഡന്റ് ബീന റോജോ, മെമ്പർമാരായ മാമച്ചൻ ജോസഫ്, മഞ്ജു സാബു, ബേസിൽ ബേബി, ഷാന്റി ജോസ്, ബിനോയ് സി. പുല്ലൻ, ജോജി സ്കറിയ, സി.ജെ.എൽദോസ്, റീന ജോഷി, പി.ടി. ഷിബി ,ബിജു ചെറിയാൻ, എബിൻസ് വർഗീസ്, അജി എൽദോസ്, പി.എ. മാമച്ചൻ , ബേസിൽ കാരാഞ്ചേരി, വി.ജെ. മത്തായി കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.