മുല്ലപ്പൂ കൃഷി: 18 ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് 20 ലക്ഷം സഹായം
1536334
Tuesday, March 25, 2025 7:25 AM IST
കൊച്ചി: ജില്ലയില്‍ മുല്ലപ്പൂ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 18 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെഎല്‍ജി) 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. ജില്ലയില്‍ കൃഷിയുടെ മുന്നേറ്റത്തിനായി 18,000 എച്ച്ഡിപിഇ ഗ്രോ ബാഗുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണ കൃഷിയും വനിതാ ശാക്തീകരണവും പ്രോത്സാഹിപ്പിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ 90 ഓളം വനിതകള്‍ക്ക് വരുമാനം ലഭിക്കും.
മുല്ലപ്പൂ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, മുളന്തുരുത്തി, വാഴക്കുളം, ആലങ്ങാട്, പാമ്പാക്കുട, കോതമംഗലം, പാറക്കടവ്, പറവൂര്‍, കൂവപ്പടി, വടവുകോട്, അങ്കമാലി, പള്ളുരുത്തി, ഇടപ്പള്ളി തുടങ്ങി വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്നത് 18 ജെഎല്‍ജി ഗ്രൂപ്പുകളാണ്.
പഞ്ചായത്തുതലത്തില്‍ ആയവന, പായിപ്ര, ആമ്പല്ലൂര്‍, വെങ്ങോല, കരുമാലൂര്‍, രാമമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കുന്നുകര, നെടുമ്പാശേരി, ഏഴിക്കര, വേങ്ങൂര്‍, മുടക്കുഴ, തിരുവണിയൂര്‍, മലയാറ്റൂര്‍, ചെല്ലാനം, എളങ്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കും.
വിവിധ കര്‍ഷക കൂട്ടായ്മകളില്‍ 1,000 ഗ്രോ ബാഗ് വീതം വിതരണം ചെയ്യുമ്പോള്‍ വെങ്ങോല ജെഎല്‍ജിക്ക് 500 ഗ്രോ ബാഗും 500 ക്ലേ പാനും ലഭിക്കും. മലയാറ്റൂര്‍ ജെഎല്‍ജിക്ക് 1,000 ക്ലേ പാന്‍ അനുവദിച്ച പ്രത്യേകതയുണ്ട്.