കേരള കോണ്‍ഗ്രസ്-എമ്മിന്റെ മലയോര ജാഥ നാളെ മുതൽ
1534409
Wednesday, March 19, 2025 4:44 AM IST
കൊച്ചി: 1972ലെ വനം വന്യജീവി സംരക്ഷണ നിയമം ദേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു 27ന് ഡല്‍ഹിയില്‍ കേരള കോണ്‍ഗ്രസ്-എം എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്ക്ക് മുന്നോടിയായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തില്‍ മലയോര ജാഥ നാളെ മുതല്‍ 22 വരെ ജില്ലയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ രാവിലെ 7.30ന് അങ്കമാലി ടൗണില്‍ നിന്ന് ആരംഭിക്കുന്ന ജാഥ മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുറവൂര്‍, മുക്കന്നൂര്‍, പൂതംകുറ്റി, ചുള്ളി, അയ്യമ്പുഴ, മഞ്ഞപ്ര, ചന്ദ്രപ്പുര, നീലീശ്വരം, മലയാറ്റൂര്‍, കുറച്ചിലക്കോട്, പാണംകുഴി, കൊമ്പനാട്, പാണേലി, വേങ്ങൂര്‍, നെടുമ്പാറ, മേയ്ക്കാപ്പാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പുന്നേയംകവലയില് സമാപിക്കും.
21ന് രാവിലെ കോതമംഗലം കണ്ണക്കടയില് നിന്ന് ആരംഭിക്കുന്ന ജാഥ വി.വി. ജോഷി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്ലാമുടി, മൂന്നാംതോട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് അഞ്ചിന് മീരാന്‍ സിറ്റിയില്‍ സമാപിക്കും. സമാപനം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
22ന് പൂയംകുട്ടിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ജോസി പി.തോമസ് ഉദ്ഘാടനം ചെയ്യും വൈകിട്ട് അഞ്ചിന് നേര്യമംഗലത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, ടോമി ജോസഫ്, സെക്രട്ടറി ടി.എ. ഡേവിസ്, ജോസി പി.തോമസ്, ജയന് ചോറ്റാനിക്കര എന്നിവര്‍ പങ്കെടുത്തു.