ഉപ്പുകണ്ടം ആനോട്ടുപാറയിൽ കാട്ടാന നാശം വിതച്ചു
1534363
Wednesday, March 19, 2025 3:54 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം ആനോട്ടുപാറയിൽ കാട്ടാനയിറങ്ങി നാശം വിതച്ചു. കേളംകുഴക്കൽ സിബിയുടെ വീടിനോട് ചേർന്നാണ് ആനയിറങ്ങിയത്. വാഴയും കപ്പയുമാണ് പ്രധാനമായും നശിപ്പിച്ചത്.
സമീപത്തെ മറ്റു കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ആനകൾ കയറിയിറങ്ങിയിട്ടുണ്ട്. നേരം പുലർന്നശേഷമാണ് പലരും ഇക്കാര്യം അറിഞ്ഞത്. കോട്ടപ്പാറ വനത്തിൽനിന്നുള്ള ആനകൾ കിലോമീറ്ററുകളോളം നാട്ടിലൂടെ സഞ്ചരിച്ചാണ് ആനോട്ടുപാറയിലെത്തിയത്.
രാത്രിയിൽ പ്ലാന്റേഷനിൽ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടം നേരംപുലരും മുന്പേ മടങ്ങി. നേരത്തേയും പ്രദേശത്ത് ആനശല്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആനശല്യം സ്ഥിരമായി പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.