പൊതുപ്രവർത്തകനെ ചുറ്റികയ്ക്ക് ആക്രമിച്ചു; പ്രതി പിടിയിൽ
1534174
Tuesday, March 18, 2025 6:48 AM IST
കാക്കനാട്: കോൺഗ്രസ് പ്രാദേശികനേതാവും കെഎൽസിഎ ഭാരവാഹിയുമായ ബാബു ആന്റണിയെ ചുറ്റിക കൊണ്ടടിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ തുതിയൂർ കമ്പളത്ത് വീട്ടിൽ കെ.എം. മനോജിനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
തുതിയൂരിലെ ദേവാലയത്തിലെ തിരുനാൾ ആഘോഷവുമായി ബന്ധപ്പെട്ട് പറമ്പിൽ നിന്ന് തേങ്ങ ഇടുന്നതിനായി ജോലിക്കാരുമായി എത്തിയ ബാബു വിനെ പ്രതി ഒരു പ്രകോപനവുമില്ലാതെ കൈയിൽ കരുതിയ ചുറ്റികയ്ക്ക് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് നേരെ വീശിയ ചുറ്റിക കൈകൊണ്ട് തട്ടിയമാറ്റിയ ബാബുവിന്റെ വലുത് കൈവിരലുകൾക്ക് ഒടിവുണ്ട്.
തുതിയൂരും പരിസരങ്ങളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന് പൊതുപ്രവർത്തകൻ കൂടിയായ ബാബു നേതൃത്വത്തിൽ ഇടപെടലുകൾ നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലഹരിക്കടിമയായ യുവാവ് തന്നെ ആക്രമിച്ചതെന്നാണ് ബാബു പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.
പോലീസ് ജാഗ്രത പാലിക്കണമെന്നു കെഎൽസിഎ
കൊച്ചി: ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കാൻ പോലീസ് ജാഗ്രത കാണിക്കണമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന കെഎൽസിഎ വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായ ബാബു ആന്റണിക്കെതിരെ കാക്കനാടുണ്ടായ ആക്രമണം പ്രതിഷേധാർഹമാണ്.
മയക്കുമരുന്നിനെതിരെ കെഎൽസിഎ ആരംഭിച്ച ജീവൻ രക്ഷാ യാത്ര വിപുലമാക്കാനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ബാബുവിനു നേരെ ആക്രമണമുണ്ടായത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, എൻ.ജെ. പൗലോസ്, റോയ് ഡിക്കൂഞ്ഞ, എം.എൻ. ജോസഫ്, മേരി ജോർജ് സിബി ജോയ്, ബേസിൽ മുക്കത്ത്, വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.