കളക്ടർ എൻ.എസ്.കെ. ഉമേഷിന് തൃക്കാക്കര നഗരസഭയുടെ ആദരം
1534392
Wednesday, March 19, 2025 4:21 AM IST
കാക്കനാട്: സംസ്ഥാനത്തെ മികച്ച ജില്ലാ ഭരണാധികാരിയായി സർക്കാർ തെരഞ്ഞെടുത്ത കളക്ടർ എൻ.എസ്.കെ. ഉമേഷിനും റവന്യൂ ഡപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിനും തൃക്കാക്കര നഗരസഭ കൗൺസിലിന്റെ ആദരം.
ഇന്നലെ രാവിലെ കൗൺസിൽ ഹാളിലായിരുന്നു ചടങ്ങുകൾ. ഉപഹാരമേറ്റുവാങ്ങിയ കളക്ടർ തന്നെ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ജനങ്ങളെ സേവിക്കുകയും അവർക്കു സുരക്ഷിത ജീവിത സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയെന്ന കടമ നിർവഹിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും പ്രശംസയും ആദരവും കൂടുതൽ ഉത്തരവാദിത്ത ബോധത്തിലേക്കാണ് തന്നെയും കൊണ്ടുപോവുന്നതെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ്, റസിയ നിഷാദ്, വർഗീസ് പ്ലാശേരി, സെക്രട്ടറി ടി.കെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഇരുവർക്കും നഗരസഭയുടെ ഉപഹാരം ചെയർപേഴ്സൺ കൈമാറി.
നഗരസഭാ പരിധിയിൽ നിന്നു മികച്ച അങ്കണവാടി, ആശാ പ്രവർത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും ചടങ്ങിൽ ആദരിച്ചു.