തടിലോറി ഇടിച്ച് ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ സ്പാനുകൾ തെന്നി മാറി
1534168
Tuesday, March 18, 2025 6:48 AM IST
കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ ലിഫ്ട് ഇറിഗേഷൻ പദ്ധതിയുടെ ജല വിതരണം നടത്തുന്ന നീർപ്പാലത്തിൽ അമിത ലോഡുമായി പോയ തടിലോറി ഇടിച്ച് സ്പാനുകൾ തെന്നി മാറി. തലനാരിഴയ്ക്കാണ് വലിയ അപകടം വഴിമാറിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
വാരപ്പെട്ടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കന്പനിയിലേക്ക് തടിയുമായി പോയ ലോറി ഇടിച്ചാണ് അപകടം. ഇഞ്ചൂർ മാതിരപ്പിള്ളി റോഡിന് കുറുകെയുള്ള നീർപ്പാലം അപകടം സംഭവിച്ച ഭാഗത്ത് രണ്ട് വീടുകൾക്ക് മധ്യേ കൂടിയാണ് നിർമിച്ചിരിക്കുന്നത്. ലോറിയുടെ കാബിനും കഴിഞ്ഞ് രണ്ടര അടിയോളം ഉയർന്നുനിന്ന തടി ഇടിച്ച് നീർപ്പാലത്തിന്റെ സ്പാനുകൾക്ക് ഇളക്കം ഉണ്ടായി.
പില്ലറിൽ ഉറപ്പിച്ച ഭാഗത്തുനിന്ന് പകുതിയോളം നിരങ്ങിമാറി. ഒരടി കൂടി മാറിയിരുന്നെങ്കിൽ രണ്ട് സ്പാനുകൾ താഴേക്ക് തകർന്ന് വീഴുമായിരുന്നു. നാട്ടുകാർ ലോറി തടഞ്ഞിട്ടു.
പ്ലൈവുഡ് കന്പനിയിലേക്ക് അമിത ലോഡുമായാണ് ലോറികൾ പോകുന്നതെന്ന് നാളുകളായി പരാതി ഉണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവമാണ് ഇത്തരം അപകടത്തിന് ഇടയാക്കുന്നതെന്ന് ആരോപണമുണ്ട്. ക്രെയിൻ ഉപയോഗിച്ച് സ്പാനുകൾ പിന്നീട് യഥാസ്ഥാനത്ത് ഉറപ്പിച്ചു.