മയക്കുമരുന്ന് വ്യാപനം തടയാൻ നിയമ ഭേദഗതി വേണമെന്ന് കത്തോലിക്ക കോണ്ഗ്രസ്
1534369
Wednesday, March 19, 2025 3:54 AM IST
മൂവാറ്റുപുഴ: കഞ്ചാവും മയക്കുമരുന്നും രാജ്യത്തെ യുവജനങ്ങളെ വൻ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ശിക്ഷണ നടപടികൾ കർക്കശമാക്കുന്ന നിയമ ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത സമിതി.
നിലവിലെ എൻഡിപിഎസ് ആക്ട് പ്രകാരം ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യമനുവദിക്കുന്ന ചെറിയ കുറ്റകൃത്യമാണ്. നിയമത്തിലെ ഈ ഇളവുപയോഗിച്ചാണ് മയക്കുമരുന്ന് മാഫിയ രാജ്യത്ത് വലിയ തോതിൽ കഞ്ചാവ് വിപണനം നടത്തുന്നത്.
കൂടുതൽ യുവാക്കളെ വില്പന കണ്ണികളാക്കി ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവ് അവർ വഴി ആളുകളിലേക്ക് എത്തിക്കുന്ന വില്പന തന്ത്രം തടയാൻ എൻഡിപിഎസ് ആക്ടിൽ ഉടൻ നിയമ ഭേദഗതി കൊണ്ടുവന്ന് ശിക്ഷ വർധിപ്പിക്കണം.
മയക്കുമരുന്നിനെതിരെ മാതാപിതാക്കൾക്ക് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും സമയോചിത ഇടപെടലുകളിലൂടെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽനിന്നു രക്ഷിക്കാൻ സാധിക്കും. കത്തോലിക്ക കോണ്ഗ്രസ് രൂപത കമ്മിറ്റി മയക്കുമരുന്നിനെതിരെ ശക്തമായ സമര പോരാട്ടങ്ങൾ നടത്താനും തീരുമാനിച്ചു. മൂവാറ്റുപുഴ നെസ്റ്റിൽ ചേർന്ന യോഗം രൂപത ഡയറക്ടർ റവ. ഡോ. ഇമ്മാനുവേൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. ബിജു പറയന്നിലം, കെ.എം. മത്തച്ചൻ, തന്പി പിട്ടാപ്പിള്ളി, തോമസ് കുണിഞ്ഞി, വി.യു. ചാക്കോ, ജോണ് മുണ്ടൻകാവിൽ, റോജോ വടക്കേൽ, അബി മാത്യു, ജിജി പുളിക്കൽ, പ്രഫ. ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ബേബിച്ചൻ നിധീരി, അഞ്ജു ജോസ് നെല്ലിക്കുന്നേൽ, ബിന്ദു ജോസ് ഊന്നുകല്ലേൽ, സനൽ പാറങ്കിമാലിൽ, ബെന്നി മേലെത്ത്, ആന്റണി പുല്ലൻ, ജോസഫ് കരിനാട്ട് എന്നിവർ പ്രസംഗിച്ചു.