കാറ്റിൽ മരങ്ങൾ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1534148
Tuesday, March 18, 2025 6:35 AM IST
കോതമംഗലം: കോതമംഗലം മേഖലയിൽ വേനൽമഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ മരം ഒടിഞ്ഞും കടപുഴകിയും റോഡിലേക്ക് മരങ്ങൾ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. വൻ കൃഷിനാശവും ഉണ്ടായി.
ഇന്നലെ വൈകുന്നേരം മൂന്നിനുശേഷം ഉണ്ടായ കാറ്റാണ് നാശം വിതച്ചത്. വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് ഏത്തവാഴകളും നിലംപതിച്ചു. തട്ടേക്കാട് ചെക്ക് പോസ്റ്റ് പരിസരത്ത് പൊതുമരാമത്ത് റോഡരികിൽ കപ്പേളയോട് ചേർന്ന് നിന്ന രണ്ട് വലിയ ഞാവൽ മരങ്ങളാണ് കടപുഴകിയത്. വൈദ്യുതിലൈനിലേക്കാണ് മറിഞ്ഞത്. കുട്ടന്പുഴ തട്ടേക്കാട് റോഡിൽ ഒരു മണിക്കൂറിലേറെ ഗതാഗത തടസം നേരിട്ടു. മരങ്ങൾ വനപാലകരും അഗ്നി രക്ഷാസേനയും എത്തി മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നേര്യമംഗലം പാലം കഴിഞ്ഞ് കന്പിലൈൻ ഭാഗത്ത് വനഭൂമിയിൽനിന്ന രണ്ട് മരങ്ങൾ ദേശീയ പാതയിലേക്ക് മറിഞ്ഞ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കന്പിലൈൻ മുതൽ അഞ്ചാം മൈൽ വരെയുള്ള ഭാഗത്തായി നാല് മരങ്ങളാണ് പാതയിലേക്ക് പതിച്ചത്. രണ്ടെണ്ണം കോതമംഗലത്തുനിന്നും രണ്ടെണ്ണം അടിമാലിയിൽനിന്നും എത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് നീക്കിയത്.
മരം വീണത്തിന് ഇരുവശത്തുമായി നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. പുതിയ പാലത്തിന്റെ നിർമാണം നടക്കുന്നത് കാരണം വാഹനങ്ങൾ വണ്‍വെ ആയി കടത്തിവിടുന്നതിനാലാണ് വാഹനങ്ങൾ മരത്തിന് അടിയിൽപ്പെടാതിരുന്നതെന്ന് അഗ്നി രക്ഷാസേന അധികൃതർ പറഞ്ഞു.