ഗാന്ധിജിയുടെ സന്ദർശനത്തിന്റെ നൂറാം വർഷം: സൈക്കിൾ റാലി നടത്തി
1534382
Wednesday, March 19, 2025 4:13 AM IST
ആലുവ: ഗാന്ധിജി യുസി കോളജ് സന്ദർശിച്ച് മാവ് നട്ടതിന്റെ നൂറ് വർഷം തികഞ്ഞ ഇന്നലെ ഗ്രീൻ പെഡൽസ് 2025 എന്ന പേരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. അന്താരാഷ്ട്ര സൈക്ലിംഗ് താരം കെസിയ വർഗീസും പാര ബാഡ്മിന്റൺ അന്താരാഷ്ട്ര താരം നീരജ് ജോർജ് ബേബിയും ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
യുസി കോളജിൽ നിന്ന് ആരംഭിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടുവരെ നടത്തിയ റാലിയെ എയർപോർട്ട് ഡയറക്ടർ ജി. മനുവിന്റെ നേതൃത്വത്തിൽ എയർപോർട്ട് അധികൃതർ സ്വീകരിച്ചു. മേജർ കെ.എസ്. നാരായണൻ, ഏബ്രഹാം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
കോളജ് കാമ്പസിൽ ഗാന്ധിമാവിൻ ചുവട്ടിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്വരലയ ക്ലബ് അവതരിപ്പിച്ച ഗാന്ധിഭജൻ, 10,000ത്തിലധികം ഗാന്ധി വേഷങ്ങൾ അവതരിപ്പിച്ച ഗാന്ധി ജോർജ് പോളിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഡോക്യുമെൻററി എന്നിവയും നടന്നു.
1925 മാർച്ച് 18ന് വൈക്കം സത്യഗ്രഹത്തിന് എത്തിയ ഗാന്ധിജി യുസി കോളജ് സന്ദർശിക്കുകയും കോളജിൽ ഒരു മാവ് നടുകയും ചെയ്തിരുന്നു.