പാതിവില തട്ടിപ്പ്: പോലീസിനെതിരെ ആരോപണങ്ങളുമായി ഇരകളായ സ്ത്രീകൾ
1534408
Wednesday, March 19, 2025 4:44 AM IST
കൊച്ചി: പോലീസിനെതിരെ രൂക്ഷ ആരോപണങ്ങളുമായി പാതിവില തട്ടിപ്പില്‍ ഇരകളായ സ്ത്രീകള്‍. പരാതി നല്കാന് ചെന്നാല്‍ അവഹേളിക്കുന്ന സമീപനമാണ് പറവൂര്‍ പോലീസ് സ്വീകരിക്കുന്നതെന്നും പറയാത്ത മൊഴികള്‍ എഴുതിച്ചേര്‍ത്ത് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവർ തുറന്നടിച്ചു.
ജനസേവ സമിതിയെന്ന (ജെഎസ്എസ്) സന്നദ്ധ സംഘടനയാണ് പറവൂര്‍ മേഖലയില്‍ പാതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് 2000 ലധികം സ്ത്രീകളില്‍ നിന്ന് പണം സ്വീകരിച്ചത്. കേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണനും ആനന്ദകുമാറിനും ഈ സംഘടനയുമായി നേരിട്ട് ബന്ധമുണ്ട്. ഇരകള്‍ നല്കിയ പരാതിയില്‍ സമിതിയുടെ ഭാരവാഹികള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു.
എന്നാല്‍ ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയോ അന്വേഷണത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയോ പോലീസ് ചെയ്തില്ല. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് മൊഴിയെടുക്കാനെങ്കിലും തുടങ്ങിയതെന്ന് ആക്ഷന്‍ കമ്മിറ്റിയുടെ അഭിഭാഷക ഡീന ജോസഫ് പറഞ്ഞു.
സമിതി ഭാരവാഹികളില്‍ ഒരാളായ സ്ത്രീ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനയുടെ മേധാവിയായിരുന്നു. ഇവര്‍ വിരമിച്ചപ്പോള്‍ ഇതേ പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ച് തട്ടിപ്പിന് കളമൊരുക്കി.
തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലാണ് സ്ത്രീകള്‍ പണം നല്കാന് മുന്നോട്ടുവന്നത്. ഇതിന് ജനപ്രതിനിധികളടക്കം സാഹചര്യമൊരുക്കിയെന്നും ഇരകള്‍ പറഞ്ഞു. ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയുമൊക്കെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ കാട്ടിയാണ് പ്രതികള്‍ ഇരകളെ വിശ്വാസത്തിലെടുത്തത്. തട്ടിപ്പാണെന്ന് പുറത്തറിഞ്ഞതോടെ ഇവരെല്ലാം പിന്‍വലിഞ്ഞു.
ഇപ്പോള്‍ സഹായത്തിന് ആരുമില്ലെന്നും പണം തിരികെ ലഭിക്കാതെ തട്ടിപ്പിന് ഇരകളായ 2000 ലധികം പേരും അവരുടെ കുടുംബങ്ങളും വോട്ട് ചെയ്യില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.