പെരിയാർ മലിനീകരണം സമിതികളുടെ പ്രവര്‍ത്തനം തടഞ്ഞ് കോടതി
1534171
Tuesday, March 18, 2025 6:48 AM IST
കൊച്ചി: പെരിയാറിലെ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ റിവര്‍ അഥോറിറ്റിക്ക് പകരം സംസ്ഥാന, ജില്ലാതല സമിതി രൂപീകരിച്ചതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. റിവര്‍ അഥോറിറ്റി രൂപീകരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചതെങ്കിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതിയും ബന്ധപ്പെട്ട കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാതല സമിതിയും രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
ഈ സമിതികളുടെ പ്രവര്‍ത്തനം മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ തടഞ്ഞ് ഉത്തരവിടുകയും ചെയ്തു. കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി.
സംസ്ഥാനതല സമിതി ആറ് മാസത്തിലൊരിക്കലും ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലാ സമിതികള്‍ മൂന്നു മാസത്തിലൊരിക്കലും യോഗം ചേര്‍ന്ന് പെരിയാറിന്റെ സ്ഥിതി വിലയിരുത്തുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍, പൗരന്മാരുടെ നിലനില്‍പ്പിന് ആധാരമായ നദിയുടെ സ്ഥിതി എല്ലാ ദിവസവും വിലയിരുത്തി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന അഥോറിറ്റിയാണ് കോടതിയുടെ മനസിലുള്ളതെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സമിതികള്‍ ശിപാര്‍ശയ്ക്ക് വേണ്ടിയുള്ളതാകരുത്. അത്തരം സമിതികളെയല്ല നമുക്കാവശ്യം. മേല്‍നോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിച്ച സമിതികള്‍ അനാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.