പാര്‍ക്കുകളില്‍ കൗതുകമായി പ്ലാസ്റ്റിക് ബെഞ്ചുകള്‍
1534397
Wednesday, March 19, 2025 4:38 AM IST
കൊച്ചി: ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റിസൈക്കിള്‍ ചെയ്ത് നിര്‍മിച്ച ബെഞ്ചുകൾ കൗതുകമാകുന്നു. നഗരത്തിലെ പാര്‍ക്കുകളില്‍ വേ ഫോര്‍ ലൈഫ് എന്‍ജിഒയുടെ സഹകരണത്തോടെ ഡിസിബി ബാങ്കാണ് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബെഞ്ചുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കാഴ്ചയില്‍ മാര്‍ബിള്‍ ബെഞ്ചിനോട് സാമ്യമുള്ളതാണീ പ്ലാസ്റ്റിക് ബെഞ്ചുകള്‍. ഭാരം കുറവായതിനാല്‍ ആവശ്യാനുസരണം എടുത്തു മാറ്റാനും സാധിക്കും. 27 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ ബെഞ്ചിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മറൈന്‍ ഡ്രൈവ്, സുഭാഷ് പാര്‍ക്ക്, പനമ്പള്ളി നഗര്‍ ഡയമണ്ട് പാര്‍ക്ക് എന്നിവിടങ്ങളിലായി 25 ബെഞ്ചുകള്‍ ഇതിനോടകം ഇവര്‍ സ്ഥാപിച്ചുകഴിഞ്ഞു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പ്ലാസ്റ്റിക് മാലിന്യത്തെ ദീര്‍ഘകാല ഉപയോഗയോഗ്യമായ പൊതു സൗകര്യങ്ങളാക്കി മാറ്റുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊച്ചി സുഭാഷ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഡിസിബി ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് മേധാവി അജയ് അഹ്ലുവാലിയ പറഞ്ഞു.
സൗത്ത് സോണ്‍ ഹെഡ് ലക്ഷ്മി നാരായണ്‍, കൊച്ചി സര്‍ക്കിള്‍ ഹെഡ് ശ്രീജിത്ത് നായര്‍, വേ ഫോര്‍ ലൈഫ് എന്‍ജിഒ സിഎസ്ആര്‍ ഹെഡ് വെങ്കിടേഷ്, വൈസ് പ്രസിഡന്റ് ലതീഷ് കുമാര്‍, സിറ്റി ലീഡ് പി.എ. ആദര്‍ശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.