ലോഡ്ജ് മാനേജർക്കു മർദനം; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
1534405
Wednesday, March 19, 2025 4:44 AM IST
കൂത്താട്ടുകുളം: ലോഡ്ജ് മാനേജരെ ആയുധങ്ങൾ ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം എറ്റിപ്പറന്പിൽ അബ്ദുൽ അസീസ് (30), മലപ്പുറം ഒസാരു സുഹൈൽ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് മാനേജർ ചുള്ളന്പേൽ വിജയകുമാർ വിശ്വംഭരനാണ് പരിക്കേറ്റത്. കൂത്താട്ടുകുളം റിലയൻസ് പെട്രോൾ പന്പിന് സമീപം പ്രവർത്തിക്കുന്ന ലോഡ്ജിൽ ഇന്നലെ പുലർച്ചയായിരുന്നു സംഭവം.
ലോഡ്ജിലെ താമസക്കാരായ പ്രതികൾ തിങ്കളാഴ്ച വൈകുന്നേരം 9.30 ഓടെ റൂമിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി. ലോഡ്ജ് മാനേജർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ലോഡ്ജിൽ നിന്നു പറഞ്ഞയച്ചു.
ഇതിൽ പ്രകോപിതരായ പ്രതികൾ പുലർച്ചെ 2.30 ഓടെ ലോഡ്ജിൽ എത്തുകയും മാനേജരെ ബിയർ കുപ്പിയും കന്പിവടിയും ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ലോഡ്ജിലെ സിസിടിവി, ഡിവിആറും മൂന്ന് പിവിസി വാട്ടർ ടാങ്കുകളും നശിപ്പിക്കുകയും ചെയ്തു. 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ലോഡ്ജ് ഉടമ പറഞ്ഞു.
ആക്രമണത്തിൽ ലോഡ്ജ് മാനേജരുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെയ്ന്റിംഗ് തൊഴിലാളികളാണ് ഇവർ.