കാൽനൂറ്റാണ്ട് മുന്നിൽകണ്ട് പിറവം നഗരസഭാ ബജറ്റ്
1534372
Wednesday, March 19, 2025 3:54 AM IST
പിറവം: നഗരസഭയുടെ വികസനത്തിന് കാൽനൂറ്റാണ്ടു മുന്നോട്ടു നയിക്കുന്ന ബജറ്റ് പിറവത്ത് അവതരിപ്പിച്ചു. 42,06,27,135 രൂപ വരവും 39,01,01,600 രൂപ ചെലവും 3,05,25,535 രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
നഗരസഭ ചെയർപേഴ്സണ്‍ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം ബജറ്റ് അവതരിപ്പിച്ചു. ഡോ. വന്ദനദാസ് മെമ്മോറിയൽ ഹാൾ, മഹാത്മ അയ്യങ്കാളി ഗ്രൗണ്ട്, പണ്ഡിറ്റ് കറുപ്പൻ വിദ്യാഭ്യാസ ധനസഹായം, താലോലം, കുരുന്നുകൾക്കൊരു കൂടാരം,
അർബൻ റോഡ്, ജനറൽ ഓപ്പറേഷൻ തീയേറ്റർ, പിറവം ഓർഗാനിക് ഫെർട്ടിലൈസർ, ഹൈടെക് ടോയ്ലറ്റ് ബ്ലോക്ക്, എന്റെ പിറവം ശുചിത്വ പിറവം, മധുരം മാതൃത്വം 2.0 അടക്കമുള്ള പദ്ധതികളാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ നെൽകൃഷി വികസനം ലക്ഷ്യമിട്ട് കൃഷി ചെലവിന്റെ 50 ശതമാനം സബ്സിഡിയായി അനുവദിച്ചു.
കർഷകരെ അവഗണിച്ച ബജറ്റ്
പിറവം: നഗരസഭയുടെ 2025-2026 വർഷത്തെ ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് പ്രതിപക്ഷമായ യുഡിഎഫ് ആരോപിച്ചു. നെൽകർഷകർക്കും നാളികേര കർഷകർക്കുമുള്ള തുക വെട്ടിക്കുറച്ച് ക്ഷീരകർഷകരെ പാടെ അവഗണിച്ചിരിക്കുകയാണ്. രണ്ടു വർഷമായി അവർക്ക് സബ്സിഡി നൽകുന്നില്ല.
അംഗവൈകല്യമുള്ളവരുടെ 33 ശതമാനവും അങ്കണവാടികൾക്കുള്ള 50 ശതമാനം തുകയും വെട്ടിക്കുറച്ചു, മാർക്കറ്റ് നവീകരണത്തിന് തുക വകയിരുത്തിയില്ല. പട്ടികജാതി - വർഗ വിഭാഗത്തെ മൊത്തത്തിൽ അവഗണിച്ചിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറവും കൗണ്‍സിലർ രാജു പാണാലിക്കനും അറിയിച്ചു.