ആലുവയിൽ കെഎസ്ആർടിസി സ്റ്റാൻഡിനകത്ത് വാഹന പാർക്കിംഗ് അനുവദിച്ചു
1534158
Tuesday, March 18, 2025 6:36 AM IST
ആലുവ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്ത് റോഡിനോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം വാഹന പാർക്കിംഗ് അനുവദിച്ചു. 16,000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് ഒരു വർഷകാലയളവിലേക്ക് പേ ആൻഡ് പാർക്കിനായി നൽകുന്നത്.
ഏപ്രിൽ 5ന് നടക്കുന്ന ലേലം വിളിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 4ന് അപേക്ഷയും സത്യവാങ്മൂലവും നൽകണമെന്ന് യൂണിറ്റ് ഓഫീസർ അറിയിച്ചു. കോർപറേഷന് തൃപ്തികരമായ തുക അല്ലെങ്കിൽ ലേലം വിളി വേണ്ടെന്ന് വയ്ക്കുമെന്നും സിവിൽ ചീഫ് എഞ്ചിനീയർ ഉത്തരവിൽ പറയുന്നു.
നിലവിലെ പുതിയ കെട്ടിടം നിർമിക്കാനായി അഞ്ച് വർഷം മുമ്പ് പൊളിച്ചപ്പോൾ പഴയ കെട്ടിടം നിലനിന്നിരുന്ന സ്ഥലമാണ് പാർക്കിംഗ് ഏരിയയായി മാറ്റുന്നത്. ടൈലുകൾ ഇട്ട് സൗന്ദര്യവത്കരിച്ചിരിക്കുകയാണ് ഈ സ്ഥലം. ഭാവിയിൽ ഇവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ്, പെട്രോൾ പമ്പ് എന്നിവ നിർമിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ആലുവയിൽ എത്തുന്നവർക്ക് പാർക്ക് ചെയ്യാനായി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ട് മാത്രമാണ് ഈ മേഖലയിൽ ഉള്ളത്. മണിക്കൂറിന് വലിയ തുകയാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിശാലമായ സ്ഥലം അനുവദിക്കുന്നത് മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ ആലുവയിൽ വരുന്നവർക്ക് വളരെ ഉപകാരപ്രദമാകും.