കാരുണ്യവഴിയിൽ മാതൃകയായി പെരിങ്ങഴ ഇടവക
1534366
Wednesday, March 19, 2025 3:54 AM IST
മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് വിൻസെന്റ് ഡിപോൾ കോൺഫറൻസിന്റെ നേതൃത്വത്തിൽ നിർമിച്ച സ്നേഹഭവനങ്ങളിൽ 15-ാം ഭവനത്തിന്റെ താക്കോൽദാനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും മൂവാറ്റുപുഴ ലയണ്‍സ് ക്ലബിന്റെയും സഹകരണത്തോടെ നിർമിച്ച സ്നേഹഭവനങ്ങളുടെ വെഞ്ചരിപ്പും ഇന്നു വൈകുന്നേരം നാലിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
1985-88 കാലഘട്ടത്തിൽ പള്ളിയുടെ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ വികാരിയായിരുന്ന പരേതനായ ഫാ. പോൾ വഴുതലക്കാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ ഭവന നിർമാണ പദ്ധതി കോതമംഗലം രൂപതയിലെ തന്നെ ചരിത്ര സംഭവമായിരുന്നു.
അന്നത്തെ കൈക്കാരനും പാരിഷ് ഭവന നിർമാണ പദ്ധതിയുടെ സെക്രട്ടറിയുമായ ലൂയിസ് പാലമൂട്ടിലിന്റെ നേതൃത്വത്തിലും രൂപകല്പനയിലും 23 പുതിയ വീടുകളും അറ്റകുറ്റപ്പണികൾ ആവശ്യമായ 21 പഴയ വീടുകളും പദ്ധതിയിൽ നിർമിച്ചു.
ജാതിമതഭേദമെന്യേയാണ് ഉപഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് വന്ന കാലഘട്ടത്തിൽ 34 വീടുകൾക്ക് ഭാഗികമായും പൂർണമായും നിർമാണ സഹായം നൽകാനും സാധിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ദത്തു കുടുംബസഹായം എന്നിവ കോണ്‍ഫറൻസിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.