ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ ജങ്കാർ വീണ്ടും തകരാറിലായി; യാത്രാക്ലേശം രൂക്ഷം
1534381
Wednesday, March 19, 2025 4:13 AM IST
വൈപ്പിൻ : ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ റോ-റോ ജങ്കാറിലൊന്ന് പിന്നെയും പണിമുടക്കി. ഇതോടെ ഈ റൂട്ടിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും നീണ്ട നിരയാണ്. തിരക്കു സമയത്ത് മണിക്കൂറുകൾ കാത്തിരുന്നു വേണം അക്കരയിക്കരെ കടക്കാൻ. ഈ റൂട്ടിൽ രൂക്ഷമായ യാത്രാ കേശമാണ് അനുഭവപ്പെടുന്നത്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികളും ആശങ്കയിലാണ്.
ഇലക്ട്രിക്കൽ തകരാറിനെ തുടർന്ന് ആഴ്ചകളോളം കെട്ടിയിട്ട ശേഷം തകരാർ പരിഹരിച്ച് സർവീസിനിറക്കിയ സേതു സാഗർ - 2 ആണ് വീണ്ടും തകരാറിനെ തുടർന്ന് സർവീസ് നിർത്തി വച്ചത്.
ഇക്കുറി എൻജിൻ തണുപ്പിക്കുന്ന കൂളന്റ് സംവിധാനത്തിനാണ് തകരാർ. നാലു ദിവസമായി ഇത് സർവീസിനിറക്കാതെ കെട്ടിയിരിക്കുകയാണ്. ഇതുവരെ പരിഹാരമായില്ല. റോ-റോ സർവീസിലുള്ള ജങ്കാറുകൾക്ക് തകരാർ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. ഇപ്പോൾ ഒരു ജങ്കാർ മാത്രമാണ് സർവീസിനുള്ളത്.
ഈ സാഹചര്യത്തിൽ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ജങ്കാർ സർവീസിനിറക്കണമെന്ന് ഫോർട്ടുവൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടു.
മൂന്നാമത് ജങ്കാർ നിർമാണം ഉടൻ ആരംഭിക്കാൻകെ.ജെ. മാക്സി എംഎൽഎയെ കാര്യങ്ങൾ അറിയിച്ചതായും ജനകീയ കൂട്ടായ്മ നേതാക്കൾ പറഞ്ഞു.