നിർദിഷ്ട എടയാർ മാലിന്യ സംസ്കരണ പ്ലാന്റിനെതിരേ പൗരസമിതി
1534157
Tuesday, March 18, 2025 6:36 AM IST
ആലുവ: നിർദിഷ്ട എടയാർ മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികളുമായി എടയാർ പൗരസമിതി വീണ്ടും രംഗത്ത്. മറ്റൊരു ബ്രഹ്മപുരം ആയി മാറ്റാൻ എടയാർ വ്യവസായ മേഖലയെ അനുവദിക്കില്ലെന്നും ഏപ്രിൽ മുതൽ സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ആശുപത്രി, അറവ്, ടയർ, പ്ലാസ്റ്റിക്, കെമിക്കൽ, കെട്ടിടം മുതലായ 8 തരം മാലിന്യങ്ങൾ സംസ്കരിക്കുന്ന ശാലയാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറിൽ സ്ഥാപിക്കുന്നത്. രണ്ട് ഏക്കർ ഭൂമി വരുന്ന പദ്ധതി പ്രദേശത്തിന്റെ ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിൽ ഭൂഗർഭ ജലത്തിന്റെ മലിനീകരണം കണക്കാക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. കടുങ്ങൂചാൽ, മുണ്ടോപാടം, വട്ടംകടവ്, കാരിപ്പുഴ, കാച്ചപ്പിള്ളി ചാൽ, വെണ്മണിക്ക ചാൽ തുടങ്ങിയ ജല സ്രോതസുകൾക്ക് പ്ലാന്റ് ഒരു ഭീഷണിയാണെന്ന ആശങ്കയും നാട്ടുകാർ പ്രകടിപ്പിച്ചു.