മുനമ്പം ഭൂസമരം : സർക്കാരിന്റെ ശരിയായ തീരുമാനങ്ങളെ പിന്തുണയ്ക്കും: യുഡിഎഫ്
1534403
Wednesday, March 19, 2025 4:44 AM IST
വൈപ്പിൻ: മുനന്പം ജുഡീഷൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദ് ചെയ്ത സാഹചര്യത്തിൽ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്ക് യുഡിഎഫിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ മുനമ്പം ജനതയ്ക്ക് ഉറപ്പു നൽകി.
ഇന്നലെ മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള സമരങ്ങൾക്ക് യുഡിഎഫ് നൽകിയ പിന്തുണ ഇനിയുള്ള സമരങ്ങൾക്കും പൂർവാധികം ശക്തിയോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആന്റണി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത്, സമരസമിതി കൺവീനർ ബെന്നി ജോസഫ് എന്നിവരും യുഡിഎഫ് ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.