റബർ മരം വീടിനു മുകളിൽ വീണു
1534145
Tuesday, March 18, 2025 6:35 AM IST
കല്ലൂർക്കാട്: പുരയിടത്തിലെ റബർ മരം ഒടിഞ്ഞു വീടിനു മുകളിൽ വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കല്ലൂർക്കാട് ചാലിൽ തെക്കേക്കര സണ്ണി വാടകയ്ക്കു നൽകിയിരിക്കുന്ന വീടിനു മുകളിലേക്കാണ് റബർമരം ഒടിഞ്ഞു വീണത്. വീടിന്റെ മേൽക്കൂര മേഞ്ഞിരുന്ന ഓടുകളും പട്ടികയും കഴുക്കോലും പൂർണമായി തകർന്നു.
പലക നിരത്തിയ മച്ചുണ്ടായിരുന്നതിനാൽ വീടിനുള്ളിൽ നാശനഷ്ടങ്ങളുണ്ടായില്ല. പാറയ്ക്കൽ വർക്കിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അപകട സമയത്ത് കുടുംബാംഗങ്ങൾ വീടിനുള്ളിലുണ്ടായിരുന്നു. കല്ലൂർക്കാട് അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തി വീടിനു മുകളിൽ നിന്നു മരം മുറിച്ചുനീക്കി.