ആലുവ നഗരസഭാ ബജറ്റ്; മാർക്കറ്റ് നവീകരണത്തിന് 15 കോടി
1534385
Wednesday, March 19, 2025 4:21 AM IST
ആലുവ: കന്ദ്രാവിഷ്കൃത പദ്ധതി യായ ആലുവ മാർക്കറ്റ് നവീകരണത്തിന് 15 കോടി, തോട്ടക്കാട്ടുകര മിനിമാർക്കറ്റ് നവീകരണത്തിന് കിഫ്ബി യുടെ എട്ടു കോടി, മുനിസിപ്പൽ ഗ്രൗണ്ട് ടർഫ് നിർമാണത്തിന് എംപി യുടെ 1.5 കോടി അടക്കം നിരവധി നവീകരണ പദ്ധതികൾ പ്രഖ്യാപിച്ച് ആലുവ നഗരസഭാ ബജറ്റ് വൈസ് ചെയർപേഴ്സൺ സൈജി ജോളി അവതരിപ്പിച്ചു. 133,27,89,772 രൂപ വരവും, 119,60,05,640 രൂപ ചെലവും 13,67,84,132 രൂപ നീക്കിയിരിപ്പും വരുന്ന 2025-26 ലെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിന് മുന്നിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കി പ്രവേശന കവാടം നിർമ്മിക്കും. നെസ്റ്റ് ഗ്രൂപ്പാണ് ഇത് സ്പോൺസർ ചെയ്യുന്നത്. ശുചിത്വ തൊഴിലാളികളുടെ ക്വാർട്ടേഴ്സ്, പൂർണ നഗറിലെ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് എന്നിവ പൊളിച്ചുമാറ്റി താമസ സൗകര്യം നിലനിർത്തി ഫ്ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും നിർമിക്കും. പെരിയാറിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പുനരുദ്ധാരണം, ടൗൺ ഹാൾ നവീകരണം, ചുണ്ടിയിലെ ഖരമാലിന്യ പ്ലാന്റ്, മുനിസിപ്പൽ സ്റ്റാൻഡ് നവീകരണം തുടങ്ങി പഴയ ബഡ്ജറ്റ് നിർദേശങ്ങൾ ആവർത്തിക്കപ്പെട്ടു.
എന്നാൽ നാല് വർഷം മുമ്പ് പ്രഖ്യാപിച്ച ശതാബ്ദി സ്മാരകം എന്ന പദ്ധതി ഇത്തവണ ഒഴിവാക്കി. പണം ലഭ്യമല്ലാത്തത് കൊണ്ടാണ് പദ്ധതി ഒഴിവാക്കിയതെന്ന് ഉപാധ്യക്ഷ സൈജി ജോളി 'ദീപിക' യോട് പറഞ്ഞു. നഗരസഭാ ചെയർമാൻ എം.ഒ.ജോൺ അധ്യക്ഷത വഹിച്ചു. ബജറ്റിൻമേലുള്ള ചർച്ച 20 ന് നടക്കും. നഗരസഭ സ്റ്റേഡിയം ടർഫ് നിർമാണം പൂർത്തിയാക്കി കായിക താരങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകും.
നഗരസഭയുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ദീർഘ കാലത്തിന് പാട്ടത്തിന് നൽകും. നഗരസഭാ അങ്കണത്തിൽ ഗ്രീൻ എനർജി സോളാർ പാനലുകൾ സ്ഥാപിച്ച് അടിഭാഗം നഗരസഭാ വാഹനങ്ങൾ പാർക്ക് ചെയ്യാനും ലക്ഷ്യമിടുന്നു.
വിവിധവാർഡുകളിലെ മരാമത്ത് പ്രവർത്തികൾക്ക് 80 ലക്ഷം, മുനിസിപ്പൽ പാർക്ക് നവീകരണത്തിന് 20 ലക്ഷം, മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ 40 കടമുറികൾ നിർമ്മിക്കുന്നതിന് 85 ലക്ഷം, യു.സി. കോളേജ് - സെമിനാരിപ്പടി റോഡ് ടൈൽ പാകി നവീകരിക്കുന്നതിന് 30 ലക്ഷം, മുനിസിപ്പൽ ഓഫീസിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് 15 ലക്ഷം, ആയുർവേദ ആശുപത്രി മെയിന്റനൻസിന് 20 ലക്ഷം,
മുനിസിപ്പൽ ഓഫീസ് മെയിന്റനൻസിന് 15 ലക്ഷം, സ്റ്റാഫ് ക്വാർട്ടേഴ്സ് നവീകരണത്തിന് 15 ലക്ഷം, ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ് നവീകരണത്തിന് 5 ലക്ഷം, അങ്കണവാടികളുടെ നവീകരണത്തിന് 20 ലക്ഷം, മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണത്തിന് 10 ലക്ഷം, വിവിധ സ്കൂളുകളുടെ നവീകരണത്തിന് 10 ലക്ഷം, കൗൺസിൽ ഹാൾ ശീതീകരിക്കുന്നതിന് അ ഞ്ചു ലക്ഷം, മാർവർ ജംഗ്ഷൻ ബിൽഡിംഗ് നവീകരണത്തിന് എട്ടു ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്കുള്ള തുകയും ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്.