പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊർജിതം
1534173
Tuesday, March 18, 2025 6:48 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ കഞ്ചാവ് കൈമാറിയ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. ഒളിവില്‍ കഴിയുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അതിനാൽ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന് അന്വേഷണം നടത്താനായിട്ടില്ല.
ഇതരസംസ്ഥാന തൊഴിലാളിയാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നാണ് അറസ്റ്റിലായ ആഷിക്കിന്റെയും ഷാലിഖിന്റെയും മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.
അതേസമയം കഴിഞ്ഞദിവസം പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നാം വര്‍ഷ വിദ്യാർഥി അനുരാജിനെ ആവശ്യമെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് ശേഷമേ കസ്റ്റഡിയില്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.
അനുരാജ്, പൂര്‍വവിദ്യാര്‍ഥികളായ ആഷിക്, ശാലിഖ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കോളജ് ഹോസ്റ്റല്‍ മറയാക്കി പ്രതികള്‍ ആറു മാസം മുമ്പ് മുതല്‍ തന്നെ കഞ്ചാവ് ഇടപാട് തുടങ്ങിയിരുന്നു.
ഹോസ്റ്റലില്‍ ഏഴു തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥികളുടെ മൊഴി. അനുരാജാണ് പണം സമാഹരിച്ചിരുന്നത്. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കാന്‍ ആഷിക്കിനും ശാലിഖിനും പണം ഗൂഗിള്‍പേ വഴിയും അല്ലാതെയും നല്‍കിയെന്നാണ് അനുരാജിന്റെ മൊഴി. കഞ്ചാവിനായി 16,000 രൂപ ഗൂഗിള്‍പേ വഴി നല്കി. വ്യാപക പണപ്പിരിവ് നടത്തിയില്ലെന്നും കുറച്ചുപേര്‍ക്കു മാത്രമാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി.
അതേസമയം, അനുരാജ് മുമ്പും പലതവണ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. നാലു കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടു കിലോയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ശേഷിച്ച കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.