വിദ്വേഷ പരാമർശം: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു
1534402
Wednesday, March 19, 2025 4:38 AM IST
മൂവാറ്റുപുഴ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ആവോലി ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയംഗവുമായ എം.ജെ. ഫ്രാൻസിസിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.
ഇതു സംബന്ധിച്ച് എസ്ഡിപിഐ, കോണ്ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് മുസ്ലീങ്ങൾക്ക് ക്രിമിനൽ സ്വഭാവമാണെന്നും എന്ത് തെറ്റു ചെയ്താലും പള്ളിയിൽ പോയി പ്രാർഥിച്ചാൽ മതിയെന്നുമുള്ള പരാമർശങ്ങൾ കുറിച്ചത്. സംഭവം വിവാദമായതോടെ കുറിപ്പ് പിൻവലിച്ചിരുന്നു. ഇതിനിടെ ലോക്കൽ സെക്രട്ടറിയുടെ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പറഞ്ഞു.
അതേസമയം സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനിക്കാട് പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സാബു ജോണ് യോഗം ഉദ്ഘാടനം ചെയ്തു.