കൊന്പനാമല പദ്ധതിക്ക് 8.15 കോടിയുടെ അനുമതി
1534150
Tuesday, March 18, 2025 6:35 AM IST
പിറവം: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അമൃത് 2.0 കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വാട്ടർ ടാങ്ക് നിർമിക്കുന്നതിന് കൊന്പനാമല വാട്ടർ ടാങ്കിന് സമീപം 15 സെന്റ് സ്ഥലം വാങ്ങി പദ്ധതിക്ക് തുടക്കമിട്ടു.
നഗരസഭയ്ക്ക് ലഭ്യമാകുന്ന എട്ടു കോടി രൂപയും സ്ഥലം വാങ്ങുന്നതിന് നഗരസഭ ചെലവഴിച്ച 15 ലക്ഷം ഉൾപ്പെടെ 8.15 കോടിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇല്ലിക്കമുക്കട, ഇടപ്പള്ളിച്ചിറ, കണ്ണീറ്റുമല, പാലച്ചുവട്, തെക്കുംമൂട്ടിൽപ്പടി, മുളക്കുളം ഉൾപ്പെടെയുള്ള നഗരസഭയുടെ കിഴക്കൻ മേഖലയിലേക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകും.
കക്കാട് പന്പ് ഹൗസിൽനിന്ന് കൊന്പനാമല വരെ പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന തോടൊപ്പം കക്കാട് പന്പ് ഹൗസിൽ മോട്ടറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. നിർമാണോദ്ഘാടനം ഈ മാസം തന്നെ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. പടിഞ്ഞാറൻ മേഖലയായ പാഴൂരിന്റെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കല്ലുമാരി പ്രദേശത്ത് പന്പ് സെറ്റ് നിർമാണം, പാസിംഗ് ലൈൻ നിർമാണം, ടാങ്ക് നിർമാണം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 65 ലക്ഷം രൂപ ടെൻഡർ ചെയ്ത് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭയിൽ 10 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.
ഭൂമിയുടെ രേഖകൾ ചെയർപേഴ്സണ് ജൂലി സാബുവിന് കൈമാറി. വൈസ് ചെയർമാൻ കെ.പി. സലിം, കൗണ്സിലർമാരായ ഡോ. അജേഷ് മനോഹർ, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ജൂബി പൗലോസ്, കെ. ഗിരീഷ് കുമാർ, ജോജിമോൻ ചാരുവിലായിൽ, ഏലിയാമ്മ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.