സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് സമൃദ്ധി @ കൊച്ചി ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
1534169
Tuesday, March 18, 2025 6:48 AM IST
കൊച്ചി: പുതിയ സംരംഭങ്ങള്‍ക്ക് വിജയകരമായി മുന്നേറാന്‍ ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെ സമൃദ്ധി @ കൊച്ചി ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി കോര്‍പറേഷനും കുടുംബശ്രീയും സംയുക്തമായി ആരംഭിച്ച ഇന്‍കുബേഷന്‍ സെന്റര്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കും ഹോട്ടല്‍ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് കാറ്ററിംഗ് മേഖലകളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സെന്ററില്‍ എത്തുന്ന സംരംഭകര്‍ക്ക് ഹോട്ടലിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അവിടെ താമസിച്ചുകൊണ്ടുള്ള പരിശീലനങ്ങള്‍ നല്‍കും.
പരിശീലനത്തിനുശേഷം ആറ് മാസത്തോളം അവിടെത്തന്നെ ജോലിയില്‍ തുടരാനും അവസരമുണ്ട്. സമൃദ്ധി @ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.ഡി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷരായ സി.എ. ഷക്കീര്‍, മാലിനി കുറുപ്പ്, കൗണ്‍സിലര്‍ മനു ജേക്കബ്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.എം. റെജീന തുടങ്ങിയവര്‍ പങ്കെടുത്തു.