വാഴക്കുളത്ത് കുടിവെള്ളക്ഷാമം : പഞ്ചായത്തംഗങ്ങൾ വാട്ടർ അഥോറിറ്റി എക്സി. എൻജിനീയറെ ഉപരോധിച്ചു
1515480
Wednesday, February 19, 2025 3:29 AM IST
പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് പരിധിയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം. അഥോറിറ്റിയുടെ പൈപ്പ് വഴി വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് വാഴക്കുളം പഞ്ചായത്ത് അംഗങ്ങൾ പെരുമ്പാവൂർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സി. എൻജിനീയറെ ഉപരോധിച്ചു.
ഇവിടെ ആഴ്ചകളായി നേരാംവണ്ണം കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഉപരോധം.
പൈപ്പ് പൊട്ടി ലീക്കായി വെള്ളം ചോർന്നു പോകുന്നതാണ് കാരണമായി പറയുന്നത്. എന്നാൽ ജല ചോർച്ച കണ്ടെത്തി പരിഹരിക്കുന്നതിന് അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു.
വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ പ്രഷർ ഇല്ലാത്തതിനാൽ നൂൽ രൂപത്തിലാണ് ലഭിക്കുന്നത്. ചെമ്പറക്കിയിലുള്ള ടാങ്കിൽ നിന്നാണ് വാഴക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നത്. 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയാണ് ടാങ്കിനുള്ളത്.
നിലവിൽ ആസ്ബസ്റ്റോസ് പൈപ്പുകളാണ് ഉള്ളത്. വാൽവിന് 33 പിരികൾ ഉണ്ടെങ്കിലും പരമാവധി മൂന്നു പിരികളാണ് തുറക്കാൻ കഴിയുന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടാൽ ആസ്ബറ്റോസ് പൈപ്പുകൾ പൊട്ടുമെന്നതാണ് കാരണമായി പറയുന്നതെന്നും അംഗങ്ങൾ ആരോപിച്ചു.
കുടിവെള്ള വിതരണം സുഗമമാക്കാൻ പുതിയതായി രണ്ട് വാൽവുകൾ സ്ഥാപിക്കുമെന്ന് അസി. എക്സി. എൻജിനീയർ അബ്ദുൽഖാദർ ഉറപ്പ് നൽകി. ഒരാഴ്ചക്കുള്ളിൽ ജലക്ഷാമം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപരോധ സമരം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എം. അബ്ദുൽഅസീസ്, വിനിത ഷിജു, അംഗങ്ങളായ ഏ.കെ. മുരളീധരൻ,അഷറഫ് ചീരേക്കാട്ടിൽ, തമ്പി കുര്യാക്കോസ്, സുധീർ മുച്ചേത്ത്, ഷുക്കൂർ പാലത്തിങ്കൽ, സുഹറ കൊച്ചുണ്ണി, നിഷ കബീർ, ഫസീല ഷംനാദ്, നൗഫി കെരീം, കെ.ജി. ഗീത എന്നിവർ സംസാരിച്ചു.