ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
1513004
Tuesday, February 11, 2025 4:10 AM IST
മൂവാറ്റുപുഴ: പി.ഒ. ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായമില്ല. ഇന്നലെ വൈകിട്ട് എഴോടെ ഹോളി മാഗി പള്ളിയുടെ സെമിത്തേരിക്ക് സമീപമായിരുന്നു സംഭവം.
ആരക്കുഴ ഭാഗത്തുനിന്ന് പി.ഒ. ജംഗ്ഷനിലേക്ക് വരികയായിരുന്ന കൂവേലി കളപ്പുരക്കൽ കെ.ജെ. മാണിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീ പിടിച്ചത്. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മാണി ഉടൻ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയിൽ നിൽക്കുകയായിരുന്ന വരുണ്‍ കുരിശിങ്കൽ, ജോർജ് ജോണി എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇരുവരും ചേർന്ന് സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂർണമായും അണച്ചത്. കാർ ഭാഗിമായി കത്തിനശിച്ചു.
സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരായ കെ.എ. ഷംസുദ്ദീൻ, അജീഷ്, ഹരികൃഷ്ണൻ, ശരത്ത്, സ്റ്റോജൻ ബേബി, ടോമി പോൾ എന്നിവർ ചേർന്നാണ് തീ അണച്ചത്.