ബജറ്റ് പ്രഖ്യാപനം: ചെറായി കടൽത്തീരം, കാത്തിരിക്കുന്നത് പൂന്തുറ മോഡൽ ജിയോ ട്യൂബ് പുലിമുട്ടുകളെ
1512682
Monday, February 10, 2025 3:46 AM IST
വൈപ്പിൻ: ടൂറിസ്റ്റ് കേന്ദ്രമായ ചെറായി കടൽത്തീരത്ത് പൂന്തുറ മാതൃകയിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ നിർമിക്കും. ഇതിനുവേണ്ടി തീരദേശ വികസന കോർപറേഷന് അഞ്ചുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കൊല്ലം ബീച്ചിനും കൂടിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
മൺസൂണിലെ കടൽക്ഷോഭത്തിലും മറ്റും തീരത്തെ മണ്ണൊലിപ്പ് തടയാനും, തീരത്ത് മണൽ നിക്ഷേപം നടത്താനുമാണ് ചെലവ് കുറഞ്ഞതും ശാസ്ത്രീയവുമായ ഈ പദ്ധതിയത്രേ.
കരയിൽ നിന്നും 100 മീറ്റർ കടലിലേക്ക് പിരമിഡിക്കൽ ആകൃതിയിൽ മണൽ നിറച്ച ജിയോ ബാഗ് സ്ഥാപിക്കുന്നതാണ് പദ്ധതി. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
സാഹചര്യം പോലെ 60 മുതൽ 100 മീറ്റർ ഇടവിട്ടാണ് ഇത്തരം പുലിമുട്ടുകൾ സ്ഥാപിക്കുക. ശക്തമായ തിരമാലകൾ നേരിട്ട് കടൽത്തീരത്തുവന്ന് അടിക്കാതെ ഇടക്കുവച്ച് ഈ ജിയോ ട്യൂബ് പുലിമുട്ടിൽ ഇടിച്ച് ശക്തിക്ഷയിക്കും.
തിരകൾക്കൊപ്പം കയറിവരുന്ന മണൽ ഈ പുലിമുട്ടുകൾക്കിടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുമെന്നാണ് ഇതിന്റെ ശാസ്ത്രീയ വശം. കരിങ്കല്ലുകൾ ഉപയോഗിച്ചാണ് സാധാരണ പുലിമുട്ടുകൾ നിർമിക്കുക. എന്നാൽ താരതമ്യേന ഇതിനു ചെലവും കൂടുതലാണ്.