കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുക നല്‍കണം: കെപിഎസ്ടിഎ
1512680
Monday, February 10, 2025 3:46 AM IST
കൊച്ചി: എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് യോഗ്യത നേടിയ കുട്ടികള്‍ക്ക് വര്‍ഷങ്ങളായി ഫണ്ട് നല്‍കാത്ത സര്‍ക്കാര്‍ നടപടി പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും സര്‍ക്കാർ അടിയന്തരമായി സ്കോളര്‍ഷിപ്പ് തുക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഉപജില്ലാ തലങ്ങളില്‍ നടത്തപ്പെട്ട എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് മാതൃകാ പരീക്ഷയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം പൂണിത്തുറ സെന്റ് ജോര്‍ജ് യുപി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം അലവന്‍സ്, വിവിധ മേളകളുടെ പ്രൈസ് മണിയുള്‍പ്പെടെ കുട്ടികള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ 14 ഉപജില്ലകളിലായി ആയിരക്കണക്കിന് കുട്ടികള്‍ മാതൃകാ പരീക്ഷയില്‍ പങ്കെടുത്തു.