അമിത വേഗതയിലെത്തിയ സ്കൂട്ടറിടിച്ച് ഭാഗ്യക്കുറി വില്പനക്കാരിക്ക് പരിക്ക്
1512691
Monday, February 10, 2025 3:55 AM IST
മട്ടാഞ്ചേരി: അമിത വേഗതയിലെത്തിയ സ്കൂട്ടറിടിച്ച് ഭാഗ്യക്കുറി വില്പനക്കാരിക്ക് പരിക്കേറ്റു. നോർത്ത് പറവൂർ പെരുവാരം മേനേപ്പാടം വീട്ടിൽ വസന്ത ബാബുരാജ്(63)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷന് സമീപമാണ് അപകടം.
റോഡ് മുറിച്ചുകടക്കവേ അമിത വേഗതയിൽ ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയവർ ഇവരെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ എക്സ്റേ എടുക്കാനുള്ള സംവിധാനമില്ലയെന്ന് പറഞ്ഞു മടക്കിയതായും പരാതിയുണ്ട്. പിന്നീട് ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൈക്കും നെറ്റിക്കും പരിക്കുണ്ട്.
ഹെൽമെറ്റ് പോലും വെക്കാതെയാണ് സ്കൂട്ടർ യാത്രികർ പോലീസ് സ്റ്റേഷന് മുന്നിലൂടെ അമിത വേഗതയിലെത്തിയത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തു. വാഹനവും വാഹനം ഓടിച്ചവരെയും കണ്ടെത്താനായില്ല.