പാലാരിവട്ടം ബൈപ്പാസിൽ വർക്ക്ഷോപ്പിൽ തീപടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
1512688
Monday, February 10, 2025 3:55 AM IST
കാക്കനാട്: ഇടപ്പള്ളി–പാലാരിവട്ടം ബൈപ്പാസിൽ വർക്ക്ഷോപ്പിന് തീപിടിച്ചതിനെത്തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആളപായമില്ല. ലോറികൾ കാറുകൾ, ടെമ്പോ തുടങ്ങിയ വാഹനങ്ങളുടെ പാച്ച്വർക്ക് ചെയ്യുന്ന ശ്യാം റിലയൻസ് ഓട്ടോ എൻജിനീയറിംഗ് വർക്ക്ഷോപ്പിലാണ് ഇന്നലെ വൈകിട്ട് ഏഴോടെ അപകടമുണ്ടായത്. ഓഫീസ് മുറിയിലും സ്റ്റോറിലുമാണ് ആദ്യം തീ കണ്ടത്.
തുടർന്ന് സ്റ്റോറിനു സമീപം സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരന്നു. സിലിണ്ടർ നെടുകെ പിളർന്ന നിലയിലായിരുന്നു. ഇന്നലെ അവധി ദിവസമായതിനാൽ വർക്ക്ഷോപ്പിൽ രണ്ട്സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.
സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, തിന്നർ മുതലായവ കത്തി നശിച്ചു. അഗ്നിരക്ഷസേനയുടെ ഗാന്ധിനഗർ, തൃക്കാക്കര, ഏലൂർ നിലയങ്ങളിൽ നിന്നെത്തിയ യൂണിറ്റുകൾ മുക്കാൽ മണിക്കൂർ പരിശ്രമിച്ചതിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പരിസരത്തുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേന മുൻകരുതൽ എടുത്തതിനാൽ കൂടുതൽ അപകടമുണ്ടായില്ല. തീപിടുത്തം നടക്കുമ്പോൾ വർക്ക്ഷോപ്പിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്കൊന്നും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
ഒരു വാഹനത്തിന്റെ മുൻഭാഗത്തിനും ചില്ലിനു മാത്രമാണ് കേടുപാടുണ്ടായത്.. തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ബി. ബൈജു, ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.