അനധികൃത മത്സ്യബന്ധനം : ബോട്ട് പിടിയിൽ, 2.5 ലക്ഷം പിഴ
1512370
Sunday, February 9, 2025 4:12 AM IST
വൈപ്പിൻ: ചട്ടം ലംഘിച്ച് തീരത്തോടു ചേർന്ന് മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഞാറയ്ക്കൽ തീരത്ത് നിന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. നിലൂഫർ എന്ന മത്സ്യബന്ധന ബോട്ടാണ് പിടിയിലായത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മാജാ ജോസിന്റെ നിർദേശാനുസരണം ഉടമയിൽ നിന്നും രണ്ടര ലക്ഷം പിഴയീടാക്കി. മത്സ്യബന്ധന യാനത്തിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയിൽ 32,750 രൂപ ട്രഷറിയിൽ ഒടുക്കി. പരമ്പരാഗത മത്സ്യത്തൊഴിലാളകളുടെ പരാതിയെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നിർദേശ പ്രകാരമാണ് മറൈൻ എൻഫോഴ്സ്മെന്റ് രാത്രികാല പട്രോളിംഗ് നടത്തിയത്.
ടീമിൽ എക്സ്റ്റൻഷൻ ഓഫീസർ അഭിരാമി, സിപിഒമാരായ അനീഷ്, വിഷ്ണു, ലൈഫ് ഗാർഡുമാരായ ഉദയരാജ്, സുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.