സമ്മിശ്ര കൃഷിയിൽ വിജയഗാഥ തീർത്ത് യുവ കർഷകൻ ഷോണ്‍ ജോഷി
1512701
Monday, February 10, 2025 4:08 AM IST
മൂവാറ്റുപുഴ: പുതുതലമുറ കൃഷിയിൽ നിന്നും അകലുന്പോൾ തന്റെ ലഹരി കൃഷിയിടങ്ങളോടാണെന്ന് തെളിയിച്ചിരിക്കുകയാണ് ഐടി പ്രഫഷണലായ ആയവന ഉപ്പുവീട്ടിങ്കൽ ഷോണ്‍ ജോഷി. തണ്ണിമത്തൻ, സ്നോവൈറ്റ് കുക്കുന്പർ, ഗ്രീൻ കുക്കുന്പർ, പൊട്ടുവെള്ളരി, ഷമാം തുടങ്ങി ദാഹം ശമിപ്പിക്കാനുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയിൽ ഷോണ്‍ ജോഷി എന്ന യുവകർഷകൻ മാതൃകയാണ്.
ദാഹം ശമിപ്പിക്കുന്നതോടൊപ്പം ആരോഗ്യവും പകർന്നു നൽകുന്ന കൃഷിയുടെ നൂറുമേനി വിളവിൽ ഷോണ്‍ ജോഷി ഇരട്ടി സന്തോഷത്തിലാണ്. നല്ല വിളവിനൊപ്പം നല്ല വിലയും ലഭിക്കുന്നു എന്നതിനാലാണിത്. ആയവനയിലെ മൂന്നര ഏക്കർ സ്ഥലത്താണ് വൃത്യസ്തമായ കൃഷി ആരംഭിച്ചത്.
ആദ്യം പരന്പരാഗത രീതിയിലായിരുന്നു കൃഷി ചെയ്തത്. എന്നാൽ വലിയ നേട്ടമൊന്നും ഉണ്ടായില്ല. തൊടുപുഴയിൽ ഷോണ്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകന്റെ നിർദേശ പ്രകാരം തുള്ളിനന കൃഷി രീതിയിലേക്ക് മാറിയതോടെയാണു രണ്ടാംവട്ടം കൃഷി നൂറുമേനി വിളഞ്ഞത്.
ഡീസൽ മോട്ടർ ഉപയോഗിച്ച് കിണറ്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. തുള്ളിനന രീതി കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചു. ചാണകം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചത്. തണ്ണിമത്തനും കുക്കുംബറും ഷമാമും എല്ലാം വാങ്ങാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.
വീടിനു സമീപത്തും മറ്റുമുള്ള ഭാഗ്യശ്രീ ഇക്കോ ഷോപ്പിലും കൈരളി ഇക്കോ ഷോപ്പിലും മറ്റുമായി കാർഷികോൽപന്നങ്ങൾ വില്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.