സ്റ്റീമർ പൊട്ടിത്തെറി : സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടായെന്ന് സംശയം
1512372
Sunday, February 9, 2025 4:13 AM IST
കൊച്ചി: ഐ'ഡെലി കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിയില്‍ സ്റ്റേഡിയത്തിനു ബലക്ഷയം ഉണ്ടായോയെന്ന് സംശയം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, പിഡബ്ല്യുഡി, ജിസിഡിഎ എന്‍ജിനീയറിംഗ് വിഭാഗം എന്നിവര്‍ ഉടന്‍ സ്റ്റേഡിയത്തില്‍ സംയുക്ത സുരക്ഷാ പരിശോധന നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഗാലറിയുടെ നേരെ താഴെയുണ്ടായ സ്റ്റീമര്‍ പൊട്ടിത്തെറി നിലവിലെ കേടുപാടുകള്‍ മൂലമുള്ള ബലക്ഷയം വര്ധിപ്പിച്ചിട്ടുണ്ടാകുമെന്നാണ് ആശങ്ക. ഇതിനാലാണു സംയുക്ത സുരക്ഷാ പരിശോധന നടത്തുന്നത്.
2023 സെപ്റ്റംബറില്‍ സ്റ്റേഡിയത്തിന്റെ ഉറപ്പു സംബന്ധിച്ചുള്ള ആശങ്കയെ തുടര്‍ന്നു പിഡബ്ല്യുഡി, പോലീസ്, ഫയര്‍ഫോഴ്സ്, നഗരസഭ, ജിസിഡിഎ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മേല്‍ക്കൂരയ്ക്കും അതുറപ്പിച്ച ബീമുകള്‍ക്കും ഉള്‍പ്പെടെ കേടുപാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്റ്റേഡിയത്തില്‍ 30,000 കാണികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നു തീരുമാനമെടുത്തത്.
സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കാനിടയായ സംഭവത്തില്‍ പരിശോധന ഫലം ലഭിച്ച ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക പരിശോധന മാത്രമാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വിഭാഗം നടത്തിയത്. വിശദമായ പരിശോധന നടത്തി ഫലം ലഭിച്ചതിനു ശേഷം ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കഫേ ഉടമ അശ്വിന് ദീപക്കിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. അപകടത്തില്‍ മരിച്ച കഫേയിലെ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി സുമിത്തിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റ് ചികിത്സയിലുള്ള കെമിൻലുവിന്റെ സ്ഥിതി ഗുരുതരമാണ്.
പ്രവര്‍ത്തനാനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപം
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയുടെ താഴെ റസ്റ്റോറന്റുകള്ക്കുള്പ്പെടെ പ്രവര്‍ത്തനാനുമതി നല്കിയതു ചട്ടങ്ങള്‍ പാലിക്കതെയാണെന്നു ആക്ഷേപം. അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ വന്നപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന് ഫിഫ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വൈദ്യുതി കണക്ഷന് ഉള്‍പ്പെടെയുള്ള സംവിധാനത്തിനും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്നു ഫിഫ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവിടെ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ സമയത്ത് സമീപത്തെ പല കടകളിലും ഒന്നില്‍ കൂടുതല്‍ ഗ്യാസ് സിലണ്ടറുകള്‍ ഉണ്ടായിരുന്നു. സംഭവം നടന്നയുടന്‍ കടയുടമകള്‍ ഓട്ടോറിക്ഷയിലും മറ്റും സിലണ്ടറുകള്‍ അവിടെ നിന്നു മാറ്റിയെന്നും പറയുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്തുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ കടകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജിസിഡിഎ മാര്‍ഗരേഖ ഉള്ളതിനാല്‍ ജിസിഡിഎ ചെയര്മാന് കത്തു നല്കിയ ശേഷമായിരിക്കും എന്‍ജിനിയറിംഗ്, ഹെല്‍ത്ത്, റവന്യു എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തുക.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സും അനുബന്ധ രേഖകളും സൂക്ഷിക്കാത്ത ഏഴു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. സ്ഥാപന ഉടമകള്‍ മൂന്നു ദിവസത്തിനുള്ളില്‍ ഈ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ നിര്‍ദേശം നല്കി.