വടുതല റെയില്‍വേ മേല്‍പ്പാലം; ഇന്ന് നിര്‍മാണ ടെന്‍ഡര്‍ ക്ഷണിക്കും
1512983
Tuesday, February 11, 2025 3:52 AM IST
ചിറ്റൂര്‍, വടുതല, പച്ചാളം പ്രദേശങ്ങളിൽ ദീര്‍ഘനാളായുള്ള ഗതാഗത കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ
കൊച്ചി: എറണാകുളം നഗരത്തിലെ ഗതാഗത രംഗത്ത് മാറ്റങ്ങള്‍ക്കു ഏറെ സാധ്യതയുള്ള വടുതല റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ ഇന്ന് ക്ഷണിക്കും. ചിറ്റൂര്‍, വടുതല, പച്ചാളം പ്രദേശങ്ങളിലെ ദീര്‍ഘനാളത്തെ ഗതാഗത കുരുക്കിന് ഇതോടെ പരിഹാരമാകും.
വടുതല റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായുള്ള മുഴുവന്‍ സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു.
ഏറ്റെടുത്ത കെട്ടിടങ്ങളിലെ ഉടമസ്ഥാവകാശം റദാക്കി കൊച്ചി കോര്പറേഷന് ആര്‍ബിഡിസികെയ്ക്ക് കൈമാറിയിട്ടുണ്ട്. നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഇന്ന് ആര്‍ബിഡിസികെ പ്രസിദ്ധീകരിക്കുമെന്ന് ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.
മേല്‍പ്പാല നിര്‍മാണത്തിനായി ഏറ്റെടുത്ത വീടുകളൂം കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പടെ 62 ഉടമകള്‍ക്കു നഷ്ടപരിഹാര ഇനത്തില്‍ 48,51,11,525 രൂപ നല്‍കിയാണ് 47.57 ആര് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. 2021ലാണ് സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചത്.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങളും മറ്റും പരിഹരിക്കുന്നതിനായി പലപ്പോഴും പ്രാദേശിക തലത്തിലും ഉന്നത തല യോഗങ്ങള്‍ വിളിച്ചു പരിഹാരം കാണാന്‍ സാധിച്ചതാണ് സ്ഥലമേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ സഹായിച്ചതെന്നു എംഎല്‍എ പറഞ്ഞു.
പുനരധിവാസ പാക്കേജ് തുക നാലു തവണകളിലായി (1.29 കോടി രൂപ) അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ എറണാകുളം റെയില്‍പാത വികസനം വരുന്നതുമായി ബന്ധപ്പെട്ട് ആര്‍ഒബി നിര്‍മാണ ഡിസൈന്‍ മാറ്റം വരുത്തേണ്ട സാഹചര്യം വന്നപ്പോള്‍ ഹൈബി ഈഡന് എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് പുതുക്കിയ ഡിസൈന്‍ അംഗീകരിച്ചത്.
പച്ചാളം ഭാഗത്ത് അഞ്ച് സ്പാനുകളും വടുതല ഭാഗത്ത് ഏഴ് സ്പാനുകളും വരുന്ന രീതിയിലാണ് പാലത്തിന്റെ ഘടന. പാലത്തിന്റെ മധ്യഭാഗത്ത് റെയിലിനു മുകളിലായി വരുന്ന ഒരു സ്പാന്‍ നിര്‍മിക്കേണ്ടത് റെയില്‍വെ ആയതിനാല്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കു ശേഷം ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍ തന്നെ കത്ത് റെയില്‍വെ എന്ജിനീറിംഗ് വിഭാഗത്തിന് കൈമാറാന്‍ ആര്ബിഡിസികെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ബിഡിസികെയില്‍ നിന്നും അറിയിപ്പ് ലഭിച്ചാലുടന്‍ തന്നെ ടെന്‍ഡര്‍ ആരംഭിച്ചു റെയില്‍വെ സ്പാന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് റയില്‍വെ എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചിട്ടുണ്ടെന്നും ടിജെ വിനോദ് എംഎല്‍എ പറഞ്ഞു.