ക്ലീൻ പെരുമ്പാവൂർ : റെയ്ഡിൽ 60ഓളം കേസുകൾ രജിസ്റ്റർ ചെയ്തു
1512692
Monday, February 10, 2025 3:55 AM IST
പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ പുലർച്ചെ വരെ നീണ്ടു. കണ്ടന്തറയിൽനിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി മുക്താദിർ മണ്ഡലിനെ പിടികൂടി. ഇയാൾ പച്ചക്കറികൃഷിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്.
ബംഗാൾ കോളനിയിൽ നിന്ന് ഒന്നരകിലോ കഞ്ചാവുമായി ഓജിർ ഹുസ്സനെയും പ്രത്യേക അന്വേഷണ സംഘം പിടികൂടി. 7 ലിറ്റർ വിദേശ മദ്യവുമായാണ് ഷഹാനു ഷേയ്ഖിനെ പിടികൂടിയത്. ഇയാൾ ബംഗാൾ കോളനിയിലെ ഹോട്ടലിന്റെ മറവിൽ മദ്യവില്പന നടത്തിവരികയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മദ്യക്കുപ്പികളും പണവും കണ്ടെടുത്തു.
പെരുമ്പാവൂർ പിപി റോഡിൽനിന്ന് വേശ്യാവൃത്തി ആരോപിച്ച് ആറ് സത്രീകളെ പിടികൂടി. നഗരത്തിലും സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നുമായി കഞ്ചാവ് ഉപയോഗിച്ച 13 പേരെയും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 15 പേരെയും, നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് 10 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പ്രത്യേക അന്വേഷണ സംഘം അടുത്തിടെ രണ്ട് ഗോഡൗണുകളിൽ റെയ്ഡ് നടത്തി കോടികൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, ജോസി എം. ജോൺസൻ എന്നിവരടക്കം 40 ഓഴം പേർ റെയ്ഡിൽ പങ്കെടുത്തു.