തുടരുന്ന അഴിമതിയും കൈക്കൂലിയും : മൂന്നര വര്‍ഷത്തിനിടെ ജില്ലയിൽ 44 കേസുകള്‍
1512368
Sunday, February 9, 2025 4:12 AM IST
ജെറി എം. തോമസ്
കൊച്ചി: ജില്ലയില്‍ അഴിമതി കൈക്കൂലി കേസുകളില്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 11 കേസുകളാണ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തത്.
ജില്ലയിലാകെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഴിമതി-കൈക്കൂലി കേസുകളുടെ എണ്ണം 44 ആണ്. കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. സസ്പെന്ഷന്, വകുപ്പുതല നടപടികള്‍ എന്നിവയും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ട്.
സിവില്‍ സപ്ലൈസ്-2, എക്സൈസ് -2, മലിനീകരണ നിയന്ത്രണ ബോര്‍ഡ്-3, പൊതുമരാമത്ത്-2, സഹകരണ വകുപ്പ്-5, വാട്ടര്‍ അഥോറിറ്റി-1, റവന്യൂ-3, കെഎസ്ഇബി-1, പോലീസ്-4, ദേവസ്വം-1, ലോട്ടറി, ക്ഷിരവികസനം, എസ്സി/ എസ്ടി-1 വീതം, മൈനിംഗ് ആന്‍ഡ് ജിയോളജി-2 എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം.
സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൈക്കൂലി കേസുകളില്‍ കുറവില്ല. കഴിഞ്ഞ മാസം 16നാണ് തോപ്പുംപടി വാട്ടര്‍ അഥോറിറ്റിയിലെ പ്ലംബറെ വിജിലന്‍സ് പിടികൂടിയത്. കുടിശിക അടച്ചിട്ടും വാട്ടര്‍ കണക്ഷന് പുനഃസ്ഥാപിക്കുന്നതിന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
ഇതിനു പിന്നാലെ 29ന് സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോര്പറേഷന് 16ാം സര്‍ക്കിള്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും വിജിലന്‍സ് പിടികൂടിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാളുടെ അറസ്റ്റ്.
അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സിന്റെ നേതൃത്വത്തില്‍ സ്കൂള്‍, കോളജ് , സര്‍ക്കാര്‍ ഓഫീസ്, റസിഡന്‍ഷല്‍ അസോസിയേഷനുകള്‍, മറ്റ് പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ബോധവത്കരണ റാലികള്‍, ലഘു നാടകങ്ങള്‍, സോഷല്‍ മീഡിയ വഴിയുള്ള ബോധവത്കരണം എന്നിവ നടപ്പിലാക്കുന്നുണ്ട്.
ഒാര്‍ത്തിരിക്കാം പരാതി അറിയിക്കാം
അഴിമതി കൈക്കൂലി എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി ടോള്‍ ഫ്രീ 1064, 8592900900, വാട്സ്ആപ്പ് 9447789100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.