യാത്രയ്ക്കിടെ മറന്ന ഐഫോണ്‍ വിദേശ മലയാളിക്ക് തിരിച്ചുനൽകി ഓട്ടോ ഡ്രൈവര്‍
1512823
Monday, February 10, 2025 9:05 PM IST
സ്വന്തം ലേഖിക
കൊച്ചി: ഓട്ടോറിക്ഷയില്‍ മറന്നുവച്ച ഐഫോണ്‍ വിദേശ മലയാളിയായ ശാസ്ത്രജ്ഞയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ കുന്നംകുളം കുമരത്തംകോട് അലി അക്ബറിന്റെ സത്യസന്ധതയിലാണ് കഴിഞ്ഞ 54 വര്‍ഷമായി അമേരിക്കയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന തിരുവല്ല മേളാംപറമ്പില്‍ വീട്ടില്‍ വത്സമ്മ വര്‍ഗീസിന് ലക്ഷങ്ങള്‍ വില മതിക്കുന്ന ഐ ഫോണ്‍ തിരികെ കിട്ടിയത്.
കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ വത്സമ്മ വെള്ളിയാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവില്‍ നിന്നാണ് അലിയുടെ ഓട്ടോയില്‍ കയറിയത്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് പ്രസ്ക്ലബ് റോഡിലെ സിലോൺ ബേക്ക് ഹൗസിലേക്കുള്ള യാത്രയിലാണ് മൊബൈൽ ഫോൺ അടങ്ങിയ പൗച്ച് നഷ്ടമായത്.
ഏറെ വൈകിയാണ് ഫോണ്‍ നഷ്ടമായത് അറിഞ്ഞത്. ഫ്ലാറ്റിൽ ഉണ്ടാകുമെന്ന് കരുതി അവിടെ പരിശോധിച്ചെങ്കിച്ചും കിട്ടാതായതോടെയാണ് വെള്ളിയാഴ്ച രാത്രി 7.30 ഓടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
അതേസമയം തന്റെ ഓട്ടോറിക്ഷയില്‍ ഐഫോണ്‍ ഇരിക്കുന്നത് അറിയാതെ അലി ജോലി കഴിഞ്ഞ് കുന്നംകുളത്തെ വീട്ടിലേക്ക് മടങ്ങി. മടക്കത്തിനിടയിൽ പിന്നീട് കയറിയ യാത്രക്കാരാണ് ഫോണ്‍ കിടക്കുന്നത് അലിയെ കാണിച്ചു കൊടുത്തത്.
തുടർന്ന് അദ്ദേഹം പരിചയക്കാരനായ തൃശൂര്‍ സിറ്റി ഡിഎച്ച് ക്യൂവിലെ സിപിഒ ആയ കെ.യു.സതീഷിനെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹത്തിന് ഫോൺ കൈമാറുകയുമുണ്ടായി. ഫോൺ പൗച്ചിൽ ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മൂന്ന് ക്രെഡിറ്റ് കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഐഡി കാർഡും കുറച്ചു പണവും ഉണ്ടായിരുന്നു.
അന്വേഷണത്തിൽ ഫോൺ നഷ്ടമായതു സംബന്ധിച്ച് സെൻട്രൽ സ്റ്റേഷൻ പരിധിയിൽ പരാതി ലഭിച്ച വിവരം അറിയുകയും സ്റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു. വത്സമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ സമയം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷന്‍ തൃശൂർ ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ശനിയാഴ്ച ഫോൺ സ്റ്റേഷനിൽ എത്തിക്കാമെന്നു സതീഷ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെ അലി അക്ബറും ഭാര്യയും ഫോണുമായി സ്റ്റേഷനിലെത്തി. പോലീസ് അറിയിച്ച പ്രകാരം വത്സമ്മയും സ്റ്റേഷനില്‍ എത്തിയിരുന്നു. വിലപ്പെട്ട പല രേഖകളും ഫോണില്‍ ഉണ്ടായിരുന്നതായി വത്സമ്മ വര്‍ഗീസ് പറഞ്ഞു.
എസ്എച്ച് ഒ അനീഷ് ജോയി, ജിടി ചാര്‍ജ് എസ്സിപിഒ വിഷ്ണു എന്നിവരുടെ സാന്നിധ്യത്തില്‍ അലി അക്ബര്‍ ഫോണ്‍ വത്സമ്മയ്ക്ക് കൈമാറി. ഞായറാഴ്ച പുലര്‍ച്ചെയോടെ അമേരിക്കയിലേക്ക് മടങ്ങിയ വത്സമ്മ ചെറിയൊരു തുക സമ്മാനമായി നല്‍കിയാണ് അലി അക്ബറെ മടക്കിയത്.