കടുവയെ പിടികൂടാനായില്ല
1512674
Monday, February 10, 2025 3:46 AM IST
കോതമംഗലം: കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ ജനവാസ മേഖലയ്ക്ക് സമീപം കണ്ടെത്തിയ കടുവയെ പിടികൂടാതെ തുടരുന്നത് പ്രദേശവാസികളിൽ ഭീതി വർധിപ്പിച്ചിരിക്കയാണ്. വെളളിയാഴ്ച ആക്രമിച്ച് കൊന്ന പശുവിന്റെ ജഡാവശിഷ്ടം ഭക്ഷിക്കാൻ ശനിയാഴ്ച രാത്രിയും കടുവ എത്തിയിരുന്നു.
വനം വകുപ്പിന്റെ നിരീക്ഷണ കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയ്ക്ക് വളരെ അടുത്ത് മീറ്ററുകൾ മാത്രം വ്യത്യാസത്തിലാണ് കടുവ തന്പടിച്ചിരിക്കുന്നത്. പ്രദേശവാസികളേറെയും പശുവും ആടും ഉൾപ്പെടെയുള്ള മൃഗങ്ങളെ വളർത്തി വരുമാനം കണ്ടെത്തുന്നവരാണ്. വീട്ടുവളപ്പിൽ കെട്ടുന്ന വളർത്തു വളർത്തുമൃഗങ്ങളെ നഷ്ടപ്പെടു മോയെന്ന ആശങ്കയ്ക്കൊപ്പം വീടിന് പുറത്തിറങ്ങാനും ജനങ്ങൾ ഭയപ്പെടുന്നു.
വനപാലകരുടെ പ്രത്യേക സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. ഇതു കൊണ്ടൊന്നും ജനങ്ങളുടെ ആശങ്ക അകറ്റാനായിട്ടില്ല. കടുവയെ പിടികൂടാൻ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കി
കോതമംഗലം: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്എഫ്പിഎഫ് ടീം, റേഞ്ച് സ്പെഷല്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് മുഴുവന്‍ സമയ പട്രോളിംഗ് നടത്തിവരുകയാണ്. തുടര്‍നടപടികള്‍ക്കായി എന്‍ടിസിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചു. കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.