കിഴകൊന്പിലേക്ക് പുത്തൻ കൃഷിസംസ്കാരവുമായി ബിനീഷ്
1512697
Monday, February 10, 2025 4:08 AM IST
കൂത്താട്ടുകുളം: കിഴകൊന്പിലെ യുവാക്കളിൽ പുതിയ കൃഷി സംസ്കാരം ഉണർത്തി ബിനീഷിന്റെ കൃഷി നാലാം വർഷത്തിലേക്ക്. യുവ കർഷകനായ ബിനീഷ് കെ. തുളസിദാസ് കഴിഞ്ഞ നാലു വർഷമായി കിഴകൊന്പ് ഉള്ളാന്പടം പാടശേഖരത്ത് കൃഷി ചെയ്യുകയാണ്. കൂത്താട്ടുകുളം സിപിഐ ലോക്കൽ സെക്രട്ടറിയും എംപിഐ ജീവനക്കാരനുമാണ് കെ. ബിനീഷ് തുളസീദാസ്. പാരന്പര്യ കർഷക കുടുംബത്തിലെ അംഗമാണെങ്കിലും സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.
വർഷങ്ങളായി തരിശുകിടക്കുന്ന കിഴകൊന്പ് ഉള്ളാന്പടം പാടശേഖരത്തിലെ 80 സെന്റ് സ്ഥലത്താണ് ആദ്യം ബിനീഷ് കൃഷിയിറക്കിയത്. ഇക്കൊല്ലം രണ്ടരയേക്കർ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. കാർഷിക കോളജിൽ വികസിപ്പിച്ചെടുത്ത ഉന്നത ഗുണനിലവാരമുള്ള ബീൻസ് പയറുകളും കരിമണി പയറുകളും ഉൾപ്പെടെ അഞ്ചിന വ്യത്യസ്ത തരത്തിലുള്ള പയറുകളുടെ കൃഷിയും ഇവിടെയുണ്ട്.
ഇട കൃഷിയായി വെള്ളരിയും വാഴയും പാവലും പടവലും ചീരയും ഇടതൂർന്നു നിൽക്കുന്നത് മനോഹര കാഴ്ചയാണ്. ഇക്കുറി പരീക്ഷണാർത്ഥം ചോളവും ഇടം പിടിച്ചിട്ടുണ്ട്. സമീപത്തു തന്നെയുള്ള മറ്റൊരു കൃഷിയിടത്തിൽ കപ്പ കൃഷിയും നല്ല രീതിയിൽ പുരോഗമിക്കുന്നു.
ബിനീഷിന്റെ കൃഷിയിടത്തിൽ എത്തുന്നവർക്ക് നേരിട്ട് പയറിന്റെ വിളവെടുക്കാനും കൃഷിയെ തൊട്ടറിഞ്ഞ കൃഷിയുടെ മഹത്വം അറിയാനുള്ള അവസരവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. കൃഷിയിൽ ബിനീഷിനെ സഹായിക്കാൻ ഭാര്യ സുജിതയും കൃഷിയിടത്തിൽ എത്താറുണ്ട്. സഹായങ്ങൾക്കായി അന്യസംസ്ഥാന തൊഴിലാളികളും ഒപ്പമുണ്ട്. ആഴ്ചയിൽ 1000 കിലോയിൽ അധികം പയർ ഈ പാടശേഖരത്തിൽ നിന്നും വിളവെടുക്കും.
പുതിയ ഇനം പയർ പരീക്ഷിക്കാൻ നിരവധി ആളുകൾ കൃഷിയിടത്തിൽ എത്തുന്നുണ്ട്. എംവിഐപി പ്രോജക്ടിന്റെ ഭാഗമായി മലങ്കരയിൽ നിന്നും എത്തുന്ന വെള്ളം സദാസമയവും കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനാൽ ഇവിടെ നൂറുമേനി വിളവാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കൃഷിയിടത്തിൽ ചെറിയ കുളവും സജ്ജമാക്കിയിരിക്കുന്നു.