ഓടുന്ന കാറിന്റെ ഡിക്കിയിൽ കിടന്ന് റീൽസ് ചിത്രീകരണം : യുവാവിന്റെ ലൈസൻസ് തെറിച്ചു
1512679
Monday, February 10, 2025 3:46 AM IST
കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിൽ കിടന്നും ഇരുന്നും യുവാക്കൾ ആഡംബര കാറിന്റെ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന അമൽ ദേവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
എറണാകുളം ആർടിഒയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. സീപോർട്ട്-എയർപോർട്ട് റോഡിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. റോഡ് ടെസ്റ്റ് ഡ്യൂട്ടിക്കായി പോകുന്നതിനിടെയാണ് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുന്നത് എംവിഐ വി.ഐ. അസിമിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഈ ദൃശ്യം ഫോണിൽ പകർത്തിയ എംവിഐ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ ഉടമയെ കണ്ടത്തി ആർടി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആഡംബര കാറുകളുടെ റീൽസ് ഷൂട്ട് ചെയ്യാൻ പഠിപ്പിക്കുന്ന എട്ടംഗ സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വീഡിയോ പരിശോധിച്ച ശേഷം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച കുറ്റത്തിന് യുവാവിന്റെ ലൈസൻസ് ആർടിഒ എം. ജെർസൺ സസ്പെൻഡ് ചെയ്തു. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.