പോലീസ് ഡ്രൈവറുടെ മോശം പെരുമാറ്റം : പോലീസ് ഉദ്യോഗസ്ഥരോട് തെളിവെടുപ്പിനെത്താൻ നിർദേശം
1512678
Monday, February 10, 2025 3:46 AM IST
നെടുമ്പാശേരി: പോലീസ് ജീപ്പ് ബീക്കൺ ലൈറ്റ് തെളിച്ച് റോഡിൽ നിർത്തിയിടുകയും വശത്തേക്ക് നീക്കിയിടാൻ ആവശ്യപ്പെട്ട ചെങ്ങമനാട് പോലീസിനോട് മോശമായി പെരുമാറുകയും ചെയ്ത ഡ്രൈവർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ചെങ്ങമനാട്, അങ്കമാലി, കളമശേരി ക്യാമ്പ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരോട് തെളിവെടുപ്പിന് ഹാജരാകാൻ നിർദേശം.
നാളെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തി മൊഴി നൽകാൻ അന്വേഷണ ചുമതലയുള്ള ഡിസിആർബി ഡിവൈഎസ്പി അബ്ദുൾ റഹീമാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 31 ലെ സംഭവം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം അബ്ദുൾ റഹീമിന് അന്വേഷണ ചുമതല കൈമാറിയത്.
കളമശേരി എആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ സിപിഒ അജ്മലിനെതിരെയാണ് അന്വേഷണം. ജീപ്പ് റോഡ് സൈഡിലേക്ക് മാറ്റിയിടാൻ ഹൈവേയിൽ വിഐപി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും മദ്യലഹരിയിലായിരുന്ന ഡ്രൈവർ അനുസരിച്ചില്ല. തങ്ങൾ നീക്കിയിടാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. പിന്നീട് ദേഷ്യപ്പെട്ട് വാഹനവുമായി പോയി. കോതമംഗലം സ്റ്റേഷനിലെ ജീപ്പാണ് അജ്മൽ ഉപയോഗിച്ചിരുന്നത്.
കളമശേരി എആർ ക്യാമ്പിലെ എഎസ്ഐയായ മറ്റൊരു ഡ്രൈവറെ യാത്രയയപ്പിന്റെ ഭാഗമായി ഏഴാറ്റുമുഖത്തെ വീട്ടിലാക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം.